Listen live radio

ബുക്സ് ഓൺ വീൽസ് വയനാട്ടിലേക്ക്; ഗോത്രമേഖലകളിൽ 100 ലൈബ്രറികൾ തുറക്കുന്നു

after post image
0

- Advertisement -

 

 

ഗോത്രമേഖലകളിൽ പുതിയ വായനശാലകൾ ആരംഭിക്കുന്നതിനുള്ള പുസ്തകങ്ങളുമായി ‘ബുക്സ് ഓൺ വീൽസ്’ പുസ്തക വണ്ടി ബുധനാഴ്ച്ച (ഡിസംബർ 8) വയനാട്ടിലെത്തും. വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗോത്രമേഖലകളിൽ ആരംഭിക്കുന്ന നൂറോളം വായനശാലകളിലേക്കുളള പുസ്തകങ്ങളുമായാണ് പുസ്തക വണ്ടി ചുരം കയറിയെത്തുന്നത്. ആദ്യഘട്ടത്തിൽ ഇരുപത്തഞ്ചോളം ലൈബ്രറികളാണ് ജില്ലയിൽ ആരംഭിക്കുന്നത്. സെൽഫ് ഇംപ്രൂവ്മെന്റ് ഹബ്ബ് എന്ന ഓൺലൈൻ കൂട്ടായ്മയാണ് പദ്ധതിയിലേക്കുളള പുസ്തകങ്ങളുമായി എത്തുന്നത്. തിരുവനന്തപുരത്ത് നിന്നും ഡിസംബർ 7 ന് ഫ്ളാഗ് ഓഫ് ചെയ്യപ്പെടുന്ന പുസ്തകവണ്ടി വിവിധ ജില്ലകളിലെ കളക്ഷൻ സെന്ററുകളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് വയനാട്ടിലെത്തുമ്പോൾ മാനന്തവാടി കുരിശിങ്കലിൽ ജില്ലാ ലൈബ്രറി കൗൺസിൽ സ്വീകരണം നൽകും.

ഇതോടൊപ്പം ഈ പദ്ധതിയിലെ ആദ്യ ലൈബ്രറിയായ എസ്.ഐ.എച്ച് ലൈബ്രറിയുടെ ഉദ്ഘാടനവും നടക്കും. കമ്മന കുരിശിങ്കൽ കോളനിയിലെ മുതിർന്ന അംഗമായ കുറുമൻ ലൈബ്രറി ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിക്കും. എസ്.ഐ.എച്ച്. ഡയറക്ടർ ആന്റോ മൈക്കിളിൽ നിന്നും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ടി.ബി.സുരേഷ് പുസ്തകങ്ങൾ ഏറ്റുവാങ്ങും. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയുമായി മൂന്ന് വായനശാലകൾ കൂടി ഉദ്ഘാടനം ചെയ്യും. അമ്മായിപ്പാലത്ത് ആരംഭിക്കുന്ന പോസിറ്റീവ് കമ്മ്യൂൺ ലൈബ്രറിയുടെ ഉദ്ഘാടനം പോസിറ്റീവ് കമ്മ്യൂണിന്റെ മെന്റർ കെ.പി.രവീന്ദ്രനും കൊട്ടനോട് ആരംഭിക്കുന്ന പൊന്നൂസ് ട്രൈബൽ ലൈബ്രറിയുടെ ഉദ്ഘാടനം എസ്.ഐ.എച്ച്. ഡയറക്ടർ ആന്റോ മൈക്കിളും അപ്പാട് ആരംഭിക്കുന്ന പഞ്ചമി ട്രൈബൽ ലൈബ്രറിയുടെ ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാരും നിർവ്വഹിക്കും. നൂറ് വായനശാലകൾ ആരംഭിക്കുന്നതിനുള്ള ഒരു ലക്ഷം പുസ്തകങ്ങൾ സമാഹരിക്കാനാണ് സെൽഫ് ഇംപ്രൂവ്മെന്റ് ഹബ്ബ് ലക്ഷ്യമിടുന്നത്. വയനാടിന്റെ ഗോത്രമേഖലകളിൽ വിജ്ഞാനത്തിന്റെയും വികസനത്തിന്റെയും പുതിയ വഴികൾ തുറക്കാൻ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷ. വൈവിധ്യമാർന്ന മന:ശാസ്ത്രവിഷയങ്ങളിൽ ചർച്ചകളും ക്ലാസ്സുകളും സംഘടിപ്പിക്കുന്ന സഹൃദയരുടെ ഓൺലൈൻ കൂട്ടായ്മയാണ് സെൽഫ് ഇംപ്രൂവ്മെന്റ് ഹബ്ബ്.

 

Leave A Reply

Your email address will not be published.