Listen live radio

ഒമിക്രോണ്‍ വ്യാപനം: പ്രത്യേക ശ്രദ്ധ വേണ്ടവര്‍ ഇക്കാര്യങ്ങള്‍ അറിയണം

after post image
0

- Advertisement -

പ്രതീക്ഷിക്കാവുന്നത് പോലെ വ്യാപനശേഷി കൂടുതലുള്ള ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം രാജ്യത്തൊട്ടാകെയും കേരളത്തിലും വര്‍ധിച്ച് വരികയാണ്. രോഗതീവ്രത കഠിനമല്ലാത്തതിനാല്‍ ഒമിക്രോണ്‍ മൂലമുള്ള കോവിഡ് ഗുരുതരമാവാനുള്ള സാധ്യത കുറവാണ്. ആശുപത്രി അഡ് മിഷന്‍ അപകട സാധ്യതാവിഭാഗത്തില്‍ പെട്ടവരൊഴികെയുള്ളവര്‍ക്ക് വേണ്ടിവരില്ല. ഒമിക്രോണ്‍ ബാധിച്ച മറ്റുള്ളവരെ വീട്ടില്‍ തന്നെ പരിചരിക്കാന്‍ കഴിയും. ഗാര്‍ഹിക ചികിത്സയില്‍ പാലിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തക്കുള്ള പരിശീലനപരിപാടി ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുള്ളത് സ്വാഗതാര്‍ഹമാണ്.

ഒമിക്രോണ്‍ വ്യാപനകാലത്ത് രണ്ട് വിഭാഗത്തില്‍ പെട്ടവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണ്ടിവരും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം വന്നാല്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും സേവനത്തില്‍ നിന്നും മാറിനില്‍ക്കേണ്ടിവരും. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം വന്നാല്‍ അത് ആരോഗ്യമേഖലയില്‍ മനുഷ്യവിഭവശേഷിയെ പ്രതികൂലമായി ബാധിക്കും. കോവിഡ് പരിചരണം മാത്രമല്ല വളരെക്കാലത്തിന് ശേഷം  പുന:രാരംഭിച്ച കോവിഡേതര രോഗചികിത്സയും  അവതാളത്തിലാവും.

ആശുപത്രികളില്‍ രോഗാണുനിയന്ത്രണ ചിട്ടകള്‍ (Infection Control Measures) കര്‍ശനമായി പാലിക്കേണ്ടതാണ്.  ജനുവരി പത്താം തീയതി ആരംഭിക്കാന്‍ പോകുന്ന കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കി അതിവേഗം പൂര്‍ത്തിക്കരിക്കകൂടി ചെയ്താല്‍ ആരോഗ്യമേഖലയില്‍ ഉണ്ടാവാനിടയുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയും.

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് പ്രായാധികുമുള്ളവരും, പ്രായം കുറഞ്ഞവരാണെങ്കിലും പ്രമേഹം, രക്താതിമര്‍ദ്ദം, ശ്വാസകോശരോഗം തുടങ്ങിയ രോഗമുള്ള അപകടസാധ്യത വിഭാഗത്തില്‍ (Risk Group) പെട്ടവരുമാണ്. അമിതഭാരമുള്ളവരും ഈ വിഭാഗത്തില്‍ പെടും എന്നും ഓര്‍ക്കുക. ഇവര്‍ സ്വയം നിരീക്ഷണത്തില്‍ (Self Quarantine) കഴിയാന്‍ ശ്രമിക്കേണ്ടതാണ്. അതായത് വളരെ അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം വീട്ടില്‍ നിന്ന് പുറത്ത് പോവുക,  പുറത്തിറങ്ങുമ്പോള്‍ എന്‍ 95 മാസ്‌ക് ധരിക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, വായുസഞ്ചാരമുള്ള മുറികളില്‍ മാത്രം സന്നിഹിതരാവുക തുടങ്ങിയ കാര്യങ്ങളില്‍ കര്‍ശനമായ ശ്രദ്ധകാട്ടേണ്ടതാണ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിക്കാന്‍ ഇനിയും വൈകരുത്. രണ്ട് ഡോസ് വാക്‌സിനുമെടുത്തവര്‍ അവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള സമയത്ത് തന്നെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനും ശ്രദ്ധിക്കണം.

ഇത്തരം കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ നമുക്ക് തീര്‍ച്ചയായും ഒമിക്രോണ്‍ വ്യാപനം മൂലം ഉണ്ടാവാനിടയുള്ള പ്രതിസന്ധികളെയും  അതിജീവിക്കാന്‍ കഴിയും.

Leave A Reply

Your email address will not be published.