Listen live radio

ധീരജിന് അന്ത്യാഭിവാദ്യം, തളിപ്പറമ്പിൽ അന്ത്യവിശ്രമം; കണ്ണീരുണങ്ങാതെ വീടും നാടും നാട്ടുകാരും

after post image
0

- Advertisement -

കണ്ണൂർ: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവർത്തകൻ ധീരജിന് അന്ത്യാഭിവാദ്യമർപ്പിച്ച് നാടും നാട്ടുകാരും പാർട്ടി പ്രവർത്തകരും. ഇടുക്കിയിൽ നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര രാത്രി വൈകി ഒരു മണിയോടെയാണ് കണ്ണൂരിലെ തളിപ്പറമ്പിലെ ജന്മനാട്ടിലെത്തിയത്. തളിപ്പറമ്പ് തൃച്ചംബരം പാലക്കുളങ്ങരയിലെ വീട്ടിലേക്ക്  മൃതദേഹം എത്തിച്ചപ്പോൾ വികാര നിർഭരമായിരുന്നു സാഹചര്യം.

പ്രവർത്തകർ ഉച്ചത്തിൽ മുദ്രവാക്യം വിളിച്ച് സ്നേഹം പ്രകടിപ്പിച്ചപ്പോൾ വീട്ടുകാരുടെ നൊമ്പരം ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു. മകന്‍റെ വിയോഗ വാർത്തയിൽ കരഞ്ഞ് തളർന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി. പാർട്ടി പ്രവർത്തകരുടെ കണ്ണുകളും നൊമ്പരത്താൽ നിറഞ്ഞിരുന്നു. അത്രമേൽ വൈകാരികമായ നിമിഷങ്ങൾക്ക് ശേഷം ധീരജിന് ഏവരും അന്ത്യാഭിവാദ്യമേകി.

ഇടുക്കിയിൽ നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര പ്രതീക്ഷിച്ചതിലും അഞ്ച് മണിക്കൂറിലേറെ വൈകിയാണ് ജന്മനാട്ടിലെത്തിയത്. രാത്രി വൈകിയെങ്കിലും നൂറുകണക്കിന് പേർ ധീരജിന് അന്തിമോപചാരം അർപ്പിക്കാനെത്തി. പൊതുദർശനത്തിനും അന്ത്യാഭിവാദ്യങ്ങൾക്കും ഒടിവിൽ രാത്രി രണ്ട് മണിയോടെ തളിപ്പറമ്പിൽ വീടിനു സമീപത്തെ പറമ്പിലായിരുന്നു ധീരജിൻ്റെ സംസ്കാരം.

മന്ത്രി എം വി ഗോവിന്ദൻ, മുൻ മന്ത്രി ഇ പി ജയരാജൻ, എം വി ജയരാജൻ, കെ വി സുമേഷ്, ടി വി രാജേഷ് തുടങ്ങി നിരവധി നേതാക്കൾ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായി. പാർട്ടി വാങ്ങിയ 8 സെൻ്റ് ഭൂമിയിലായിരുന്നു ധീരജിന് തളിപ്പറമ്പിൽ അന്ത്യവിശ്രമമൊരുക്കിയത്. ഇനി ധീരജ് സ്മാരകത്തിലൂടെ നാടിനും നാട്ടുകാർക്കും വായിക്കാനും പഠിക്കാനുമുള്ള പഠനകേന്ദ്രമായി എസ് എഫ് ഐ പോരാളി ഓർമ്മകളിൽ നിറയും.

Leave A Reply

Your email address will not be published.