Listen live radio

പങ്കാളിത്തം സമ്പന്നമാക്കി എന്‍സിഡി മാരത്തണ്‍

after post image
0

- Advertisement -

സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള കായികതാരങ്ങള്‍ പങ്കെടുത്ത എന്‍.സി.ഡി (ജീവിതശൈലീ രോഗനിയന്ത്രണ പരിപാടി) മാരത്തണ്‍ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും കുട്ടികളും, ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി സംഘടിപ്പിച്ച മാരത്തണില്‍ പങ്കെടുത്തു. മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളജില്‍ നിന്നുള്ള എന്‍.സി.സി, എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളും പരിപാടിയുടെ ഭാഗമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മാസ്റ്റേഴ്സ് കായികതാരങ്ങളായിരുന്നു വലിയ ശ്രദ്ധാകേന്ദ്രം. ലൂക്ക ഫ്രാന്‍സിസ് (കൈനാട്ടി), എന്‍ മാത്യു (ചെന്നലോട്), ഗോവിന്ദന്‍ (അമ്പലവയല്‍), സാബു പോള്‍ (പാല്‍വെളിച്ചം), ലതിക (എടഗുനി), എ.ഇ.ജെ പോള്‍ (കാവുംമന്ദം), കത്രീന (വാളാട്), സജ്ന അബ്ദുറഹ്മാന്‍ (ബാവലി) തുടങ്ങിയ മാസ്റ്റേഴ്സ് താരങ്ങള്‍ വയനാടന്‍ കായിക മേഖലയുടെ പ്രതീകങ്ങളായി പരിപാടിയിലുടനീളം നിറഞ്ഞുനിന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 66 കായിക പ്രതിഭകളാണ് ‘ശീലങ്ങള്‍ നല്ലതാവട്ടെ, നല്ല നാളേക്കായി’ എന്ന മുദ്രാവാക്യത്തോടെ നടന്ന മാരത്തണില്‍ പങ്കെടുത്തത്. മുട്ടില്‍ ബസ് സ്റ്റാന്റ് പരിസരം മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ വരെയായിരുന്നു ദൈര്‍ഘ്യം. പുരുഷവിഭാഗത്തില്‍ കാക്കവയല്‍ സ്വദേശി കെ.ആര്‍ സജീവ്, മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളജിലെ കെ. മുഹമ്മദ് ഷാനിഫ്, മാനന്തവാടി സ്വദേശിയും മാസ്റ്റേഴ്സ് താരവുമായ സാബു പോള്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. വനിതാ വിഭാഗത്തില്‍ ബാവലി സ്വദേശിയും മാസ്റ്റേഴ്സ് താരവുമായ സജ്ന അബ്ദുറഹ്മാനാണ് ഒന്നാംസ്ഥാനം. 2021 നവംബര്‍ 12, 13 തിയ്യതികളില്‍ കോഴിക്കോട് അബ്ദുറഹ്മാന്‍ സ്റ്റേഡിയത്തില്‍ നടന്ന സ്റ്റേറ്റ് മലയാളി മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്റര്‍, 400 മീറ്റര്‍, 100*100 മീറ്റര്‍ റിലേ എന്നിവയില്‍ ഒന്നാംസ്ഥാനവും, 4*400, 200 മീറ്റര്‍ എന്നിവയില്‍ രണ്ടാംസ്ഥാനവും നേടിയിരുന്നു. തൃശ്ശൂരില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് കായികമേളയില്‍ 400 മീറ്റര്‍, 800 മീറ്റര്‍, 4*400 മീറ്റര്‍ എന്നിവയില്‍ ഗോള്‍ഡ് മെഡലും സജ്നക്കായിരുന്നു. രണ്ടുമാസം മുമ്പ് കൊല്ലത്ത് നടന്ന കേരള മാസ്റ്റേഴ്സ് ഗെയിംസിലും 800, 400 മീറ്റര്‍, 4*100 മീറ്റര്‍ റിലേ എന്നിവയിലും സജ്ന ഒന്നാംസ്ഥാനത്തെത്തിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മത്സരങ്ങള്‍ പങ്കെടുത്ത് സുവര്‍ണ നേട്ടങ്ങള്‍ കൊയ്ത മാസ്റ്റേഴ്സ് താരം കല്‍പ്പറ്റ സ്വദേശിനി ലതിക രണ്ടാം സ്ഥാനവും റൈന ലത്തീഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുട്ടില്‍ ബസ് സ്റ്റാന്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ എസ്.കെ.എം.ജെ. ജൂബിലി ഹാള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാര്‍ മുജീബ് കേയംതൊടി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം പ്രൈസ് മണിയും ട്രോഫിയും വിതരണം ചെയ്തു. ചടങ്ങില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയ സേനന്‍, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, വാഴവറ്റ പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.