Listen live radio

‘പതിന്‍മടങ്ങ് ശക്തിയോടെ കൊവിഡിന്റെ രൂക്ഷത കഴിഞ്ഞ ശേഷം വരും’; ദിലീപ് അനുകൂലികളുടെ മാർച്ച് തടഞ്ഞ് പൊലീസ്

after post image
0

- Advertisement -

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെ അനുകൂലിച്ച്‌ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്‌ പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചു.

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുപരിപാടി നടത്താന്‍ പറ്റില്ലെന്ന് പൊലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് ഫ്‌ലക്‌സ് ബോര്‍ഡുകളുള്‍പ്പെടെ സംഘടന മാറ്റി. പ്രതിഷേധ മാര്‍ച്ചിനെത്തിയവരെ പൊലീസ് ഓടിക്കുകയായിരുന്നെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു. വന്നവരെ ഓരോരുത്തരെയായി പൊലീസ് ഓടിച്ചെന്നും ഏഴു പേരെ മാത്രാണ് പരിപാടി നടന്നിടത്ത് നില്‍ക്കാന്‍ അനുവദിച്ചതെന്നും ഫേസ്ബുക്ക് ലൈവില്‍ അജിത് കുമാര്‍ പറഞ്ഞു.

പ്രതിഷേധ മാര്‍ച്ച്‌ മറ്റൊരു ദിവസം നടത്തും. ദിലീപിന്റെ അവസ്ഥ ഇനി മറ്റൊരു പുരുഷനും ഉണ്ടാവരുത്. ആരെയും ഇവിടെ പീഡിപ്പിക്കാന്‍ അനുവദിക്കില്ല. ഇങ്ങനെ ഒരു പീഡനം ഒരു പുരുഷനും ഇനി വരാന്‍ പാടില്ല. ദിലീപിനെ പ്രതിയാക്കാനുള്ള വെമ്ബലാണ് ഇവിടെ കാണുന്നതെന്നും അജിത് കുമാര്‍ പറഞ്ഞു. ദിലീപ് ജനപ്രിയ നടനാണെന്നും ഇത്തരമൊരു പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ തന്നെ വിളിച്ച്‌ അഭിനന്ദിച്ചത് സ്ത്രീകളാണെന്നും സംഘടനാ പ്രസിഡന്റ് പറഞ്ഞു.

‘പൊലീസ് ഇവിടെ വന്നവരെ അടിച്ചോടിക്കുന്നതാണ് കണ്ടത്. തിരിച്ച്‌ ഞങ്ങള്‍ ഇതിന്റെ പതിന്‍മടങ്ങ് ശക്തിയോടെ കൊവിഡിന്റെ രൂക്ഷത കഴിഞ്ഞ ശേഷം വരും,’ അജിത് കുമാര്‍ പറഞ്ഞു. വീഡിയോയില്‍ പ്രതിഷേധ മാര്‍ച്ചിന്റെ ഉദ്ഘാടനത്തിനെത്തിയ സിനിമാ, സീരിയല്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെയും കാണാം.

ഇന്ന് 11 മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് മാര്‍ച്ച്‌ നടത്താനിരുന്നത്. ദിലീപിനെ കേസില്‍ അന്യായമായി വേട്ടയാടുകയാണെന്നാണ് സംഘടനയുടെ വാദം. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു. കേരളത്തിലെ എല്ലാ ഭാഗത്തു നിന്നുമുള്ളവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തണമെന്ന് ഇദ്ദേഹം അറിയിച്ചിരുന്നു.

Leave A Reply

Your email address will not be published.