Listen live radio

ടാറ്റയുടെ റൺവേയിൽ എയർ ഇന്ത്യ: കൈമാറ്റ നടപടികൾ പൂർത്തിയായി

after post image
0

- Advertisement -

ദില്ലി: മൂന്ന് മാസത്തെ കാത്തിരിപ്പിന് അവസാനം. എയർ ഇന്ത്യയെ ടാറ്റയ്ക്ക് കൈമാറി. ഇന്ന് രാവിലെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട ശേഷം ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യ ആസ്ഥാനത്തെത്തി. ഇതുവരെ പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ ഇതോണ്ടെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് സ്വന്തമായി. രാജ്യത്തെ വ്യോമയാന സെക്ടറിലെ 26.7 ശതമാനം വിപണിയും ഇതോടെ ടാറ്റയ്ക്ക് സ്വന്തമാകും.

ഓഹരിവിറ്റഴിക്കൽ നടപടി പൂർത്തിയായെന്ന് ദിപം സെക്രട്ടറി തുഹിൻകാന്ത് പാണ്ഡെ പറഞ്ഞു. എയർ ഇന്ത്യ, ടാറ്റ സൺസിന് കീഴിലേക്ക് തിരിച്ചു വന്നതിൽ സന്തോഷമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരനും പ്രതികരിച്ചു.

ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് എയർ ഇന്ത്യയെ കൈമാറാനുള്ള തീരുമാനം ഒക്ടോബർ എട്ടിനാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടത്. 18000 കോടി രൂപയായിരുന്നു കമ്പനി ക്വോട്ട് ചെയ്ത തുക. ഒക്ടോബർ 11 ന് താത്പര്യ പത്രം ടാറ്റയ്ക്ക് കൈമാറി. ഒക്ടോബർ 25 ന് ഇരുവരും ഓഹരി കൈമാറ്റ കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും മുഴുവൻ ഓഹരികളും എയർ ഇന്ത്യ സാറ്റ്സിലെ 50 ശതമാനം ഓഹരികളുമാണ് ടാലസിന് ലഭിക്കുക. ഡിസംബർ അവസാനം കൈമാറ്റം നടത്താനായിരുന്നു നിശ്ചയിച്ചതെങ്കിലും നടപടികൾ നാലാഴ്ച കൂടി നീണ്ടുപോയി.

ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. എയർ ഏഷ്യാ ഇന്ത്യയിലും വിസ്താരയിലും ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ പക്കലുണ്ട്. സിങ്കപ്പൂർ എയർലൈൻസ് ലിമിറ്റഡുമായി ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ. 1932 ൽ ടാറ്റ എയർലൈൻസായി ജെആർഡി ടാറ്റയാണ് എയർ ഇന്ത്യയെന്ന വിമാനക്കമ്പനിക്ക് ജന്മം നൽകിയത്. അന്ന് ടാറ്റ എയർലൈൻസ് എന്നായിരുന്നു പേരെങ്കിലും 1946 ൽ എയർ ഇന്ത്യയെന്ന് പുനർനാമകരണം ചെയ്തു. 1953 ൽ കേന്ദ്രസർക്കാർ ഈ വിമാനക്കമ്പനിയെ ദേശസാത്കരിച്ചതോടെയാണ് ഇത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായത്. ദിവസം 20 കോടിയോളം രൂപ നഷ്ടം വരുത്തുന്ന വെള്ളാനയായി മാറിയതോടെയാണ് എയർ ഇന്ത്യയെന്ന ബാധ്യത വിറ്റൊഴിയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

Leave A Reply

Your email address will not be published.