Listen live radio

എംജി സർവകലാശാലയിലെ കൈക്കൂലി: കർശന നടപടി സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

after post image
0

- Advertisement -

തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ വിദ്യാർത്ഥിയിൽ നിന്ന് ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഉന്നതിവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വിഷയത്തിൽ അടിയന്തിരമായി റിപ്പോർട്ട് നൽകാൻ സർവ്വകലശാല രജിസ്ട്രാറോട് സർക്കാർ നിർദേശിച്ചു. സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവന സൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വേഗത്തിൽ നൽകാൻ, വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ കഴിഞ്ഞ ദിവസമാണ് എംജി സർവകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റൻറ് സി ജെ എൽസിയെ വിജിലൻസ് അറസ്റ്റ് ചെയ്തത്. വിജിലൻസ് ഡിവൈഎസ്പി പി കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് എൽസിയെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂരത്തെ കോളേജിൽ നിന്നും എംബിഎ പാസായ തിരുവല്ല സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഇതേ കുട്ടിയിൽ നിന്നും നേരത്തെ ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റിയ എൽസി വീണ്ടും പണം വാങ്ങുമ്പോഴാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്.

എൽസി ഈ രീതിയിൽ നേരത്തെയും കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കൈക്കൂലി വാങ്ങുന്നതിൽ എൽസിക്ക് കൂട്ടാളികൾ ഉണ്ടോയെന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഓഫീസുമായും ബാങ്ക് ഇടപാടുകളുമായും ബന്ധപ്പെട്ടു കൂടുതൽ രേഖകൾ പരിശോധിക്കും. ഇന്നലെ രാത്രി എൽസിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. അതേസമയം, എൽസിയെ സസ്‌പെൻഡ് ചെയ്തതായി രജിസ്ട്രാർ ഡോ.ബി.പ്രകാശ് കുമാർ അറിയിച്ചു. സംഭവത്തിൽ സിൻഡിക്കേറ്റ് അന്വേഷണത്തിന് വൈസ് ചാൻസലർ ശുപാർശ ചെയ്തിട്ടുണ്ട്.

 

Leave A Reply

Your email address will not be published.