Listen live radio

ദിലീപിന്‍റെ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക്; അൺലോക്ക് പാറ്റേണ്‍ കോടതിയ്ക്ക് കൈമാറി

after post image
0

- Advertisement -

കൊച്ചി: വധ ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയക്കുന്നതിന് നടപടി തുടങ്ങി. ഇതിന് മുന്നോടിയായി ഫോണുകളുടെ അൺലോക്ക് പാറ്റേൺ പ്രതികളുടെ അഭിഭാഷകർ ആലുവ കോടതിയ്ക്ക് കൈമാറി. ഇതിനിടെ, ദിലീപിന്‍റെ ശബ്ദ പരിശോധന നടത്താനും അന്വേഷണ സംഘം നടപടി തുടങ്ങി.

 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ശാസ്ത്രീയ തെളിവുകൾ ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ദിലീപിന്‍റെയും കൂട്ടു പ്രതികളുടെയും ആറ് മൊബൈൽ ഫോണുകളാണ് ഇന്നലെ രാത്രി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. ഇവ ശാസ്ത്രീയമായി പരിശോധിക്കുന്നതിന് കോടതി തന്നെ തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ടാൽ പ്രതികൾ തടസവാദവുമായി എത്തുമെന്ന് കണക്കുകൂട്ടിയാണ് ഈ നീക്കം.

 

സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ സംഭാഷണത്തിലുളളത് തങ്ങളുടെ ശബ്ദം തന്നെയാണെന്ന് ദിലീപും സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. സംവിധായകൻ റാഫി അടക്കമുളള സുഹൃത്തുക്കളും ശബ്ദം സ്ഥിരീകരിച്ചിരുന്നു. എന്നാൽ പ്രതികളുടെ ശബ്ദം തന്നെയാണിതെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് ശബ്ദ സാമ്പിൾ ശേഖരിക്കാൻ നടപടി തുടങ്ങിയത്. കോടതിയനുമതിയോടെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്ദപരിശോധന നടത്താനാണ് നീക്കം.

Leave A Reply

Your email address will not be published.