Listen live radio

ദിലീപ് ഫോണിലെ ഡാറ്റ നീക്കം ചെയ്തു, മുംബൈ ലാബിലെ നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന്

after post image
0

- Advertisement -

കൊച്ചി: വധഗൂഢാലോചനാ കേസിൽ ദിലീപിനെതിരെ നിർണായക തെളിവുകളുണ്ടായിരുന്ന മൊബൈൽ ഫോണുകൾ പരിശോധിച്ച മുംബൈ ലാബിൽ പരിശോധന നടത്തി അന്വേഷണ സംഘം. ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെടുത്തു.മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തെളിവുകളാണ് ശേഖരിച്ചത്. ആറ് ഫോണുകളിലേയും വിവരങ്ങൾ ആദ്യം ഒരു ഹാർഡ് ഡിസ്കിലേക്ക് ലാബ് അധികൃതർ മാറ്റിയിരുന്നു. അതിന്റെ മിറർ കോപ്പി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഫോണുകളിലെ ഡാറ്റ പകർത്തിയ ഹാർഡ് ഡിസ്കിന്റെ മിറർ കോപിക്ക് പുറമേ, ഫോണുകൾ കൊറിയർ ചെയ്തതിന്റെ ബിൽ, ലാബ് തയ്യാറാക്കിയ ഫോറൻസിക് റിപ്പോർട്ട് എന്നിവയടക്കമുള്ള തെളിവുകളാണ് ശേഖരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ നശിപ്പിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചേക്കും. തെളിവ് നശിപ്പിച്ചതിന് ലാബിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. കേസിൽ നിർണായകമായ മൊബൈൽ ഫോൺ ഡേറ്റകൾ ദിലീപ് നശിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മുംബൈ ലാബിൽ കൊണ്ടുപോയി വിവരങ്ങൾ നീക്കിയ ശേഷമാണ് ഫോണുകൾ കോടതിക്ക് കൈമാറിയെന്നാണ് ഫൊറൻസിക് റിപ്പോർട്ടിലുള്ളത്. ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയിൽ വെച്ച്  ഫോണുകൾ ഫോർമാറ്റ് ചെയ്തയെന്നും കണ്ടെത്തി. തെളിവുകൾ നശിപ്പിക്കാൻ ദിലീപ് മനപൂ‍ർവം ശ്രമിച്ചു എന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

ദിലീപിന്‍റെയും സഹോദരൻ അനൂപിന്‍റെയും സഹോദരീ ഭർത്താവ് സുരാജിന്‍റെയും അടക്കം ആറു ഫോണുകളാണ് സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയത്. ഈ പരിശോധനയിലാണ്  വിവരങ്ങൾ നീക്കം ചെയ്തെന്ന് തെളിഞ്ഞത്. വധ ഗൂഡാലോചനാക്കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും പങ്കാളിത്തം തെളിയിക്കുന്നതിനുളള പ്രധാന തെളിവായി ഫോണുകൾ മാറും എന്നാണ് കരുതിയിരുന്നത്.

കഴിഞ്ഞ ജനുവരി 29 നായിരുന്നു ഈ ഫോണുകൾ കൈമാറാൻ ഹൈകോടതി ഉത്തരവിട്ടത്. എന്നാൽ ഇതേ ദിവസവും തൊട്ടടുത്തദിവസവുമായി മുംബൈയിലേക്ക് കൊണ്ടുപോയ 4 ഫോണുകളിലെ ‍ഡേറ്റകൾ നീക്കം ചെയ്തെന്നാണ് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. ദിലീപിന്‍റെ അഭിഭാഷകൻ മുഖേനയാണ് ഫോണുകൾ കൊണ്ടുപോയത്. മുംബൈയിലെ  സ്വകാര്യ ലാബുമായി ബന്ധവപ്പെട്ടവരെ ചോദ്യം ചെയ്തെന്നും ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തതായി മൊഴിയുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഫോണിലെ മറ്റ് വിവരങ്ങൾ ഒരു ഹാർഡ് ഡിസ്കിലേക്കും മാറ്റി. ഈ ഫോണുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ദിലീപിന്‍റെ ഒരു അഭിഭാഷകൻ മുംബൈയിലെത്തി പരിശോധിച്ചതായും വ്യക്തമായിട്ടുണ്ട്. ഫോണിലെ വിവരങ്ങൾ അടങ്ങിയ ഹാ‍ർഡ് ഡിസ്ക് പിടിച്ചെടുത്ത ക്രൈംബ്രാഞ്ച് ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. വധഗൂഡാലോചനാക്കേസിൽ വസ്തുതകൾ മറച്ചുവയ്ക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപിന്‍റെയും കൂട്ടു പ്രതികളുടെയും ഭാഗത്തുനിന്ന് ആസൂത്രിത ശ്രമമുണ്ടായി എന്ന് സ്ഥാപിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

Leave A Reply

Your email address will not be published.