Listen live radio

തിരുത്താന്‍ അധ്യാപകര്‍ക്ക് അവകാശം, ശിക്ഷയെ ക്രൂരതയായി കാണാനാവില്ല: കോടതി

after post image
0

- Advertisement -

കൊച്ചി: വിദ്യാര്‍ഥികളുടെ തെറ്റുകളെയും വികൃതിത്തരങ്ങളെയും തിരുത്താനുള്ള അവകാശം അധ്യാപകര്‍ക്കുണ്ടെന്ന് കോടതി. അത് അധ്യാപകരുടെ ചുമതലയുടെ ഭാഗമാണെന്ന് എറണാകുളം സെഷന്‍സ് കോടതി വ്യക്തമാക്കി. ഓണസദ്യയില്‍ തുപ്പിയെന്ന് ആരോപിച്ച് വിദ്യാര്‍ഥികളെ അടിച്ചതിന് പ്രധാന അധ്യാപികയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടാണ് കോടതി നിരീക്ഷണം.

 

വടക്കേക്കര ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ പ്രധാന അധ്യാപിക ഐഡ ലോപ്പസിന്റെ ഹര്‍ജിയാണ് സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് പരിഗണിച്ചത്. വിദ്യാര്‍ഥികളുടെ വികൃതിത്തരങ്ങളില്‍ ഇടപെടേണ്ടത് അധ്യാപികയുടെ ജോലിയുടെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സംസ്‌കാരം അധ്യാപകരെ മാതാപിതാക്കള്‍ക്കു തുല്യമായാണ് കാണുന്നത്. വിദ്യാര്‍ഥികളുടെ തെറ്റുകളെ തിരുത്താന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

സെപ്റ്റംബര്‍ രണ്ടിന് സ്‌കൂളിലെ ഓണാഘോഷത്തോട് അനുബന്ധിച്ചാണ് സംഭവം. ഒന്നാം നിലയില്‍ നിന്ന, നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ താഴെ വച്ചിരുന്ന ഓണസദ്യയിലേക്കു തുപ്പിയെന്ന് ആരോപിച്ച് അധ്യാപിക ശകാരിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഇതേച്ചൊല്ലി മാതാപിതാക്കളില്‍ ഒരാള്‍ അധ്യാപികയെ ഫോണില്‍ വിളിച്ചു പരുഷമായി സംസാരിച്ചു.  ഒപ്പം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

അധ്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ത്തു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപിക കുട്ടികളെ ശിക്ഷിച്ചതെന്നും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ അവര്‍ വെയിലത്തു നിര്‍ത്തുകയും ചെയ്തതായി പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ അധ്യാപകര്‍ കുട്ടികളെ തിരുത്താനായി ഇടപെടുന്നത് ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വിലയിരുത്തി.

Leave A Reply

Your email address will not be published.