Listen live radio

മഴക്കാലപൂര്‍വ്വ പ്രവൃത്തി: മെയ് ആദ്യവാരം റോഡുകളില്‍ ഉന്നതതല പരിശോധന

after post image
0

- Advertisement -

തിരുവനന്തപുരം: മഴക്കാല പൂര്‍വ്വ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്തുന്നതിനും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതല്‍ 15 വരെ റോഡുകളില്‍ പരിശോധന നടത്തും. മഴക്കാലത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പൊതുമരാമത്ത് മന്ത്രി പി എ  മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. മഴക്കാലപൂര്‍വ്വ പ്രവൃത്തികള്‍ യോഗം അവലോകനം ചെയ്തു.

റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തിയില്‍ ഉള്‍പ്പെട്ട റോഡുകളെല്ലാം ഗതാഗത യോഗ്യമാണെന്ന് ഉറപ്പുവരുത്താന്‍ മന്ത്രി നിര്‍ദേശിച്ചു. ഡ്രെയിനേജ് ശുചീകരണം ഉള്‍പ്പെടെയുള്ള പ്രീമണ്‍സൂണ്‍ പ്രവൃത്തികളും ക്രമീകരിക്കണം. റണ്ണിംഗ് കോണ്‍ട്രാക്ട് രണ്ടിലെ രണ്ടാംഘട്ട പ്രവൃത്തികളെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. റണ്ണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെടാത്ത റോഡുകള്‍ മഴക്കാലപൂര്‍വ്വ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി ക്രമീകരിക്കണം. എല്ലാ പ്രവൃത്തികളും ഏപ്രില്‍ 15 ന് തന്നെ ടെണ്ടര്‍ നടത്തേണ്ടതും മെയ് ആദ്യവാരത്തോടെ പ്രവൃത്തി നടത്തേണ്ടതുമാണ്. കെആര്‍എഫ്ബി, കെഎസ്ടിപി, റിക്ക്, എന്‍എച്ച് വിംഗുകളും ഇക്കാര്യത്തില്‍ പ്രത്യേകമായി തന്നെ ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

കനത്ത മഴ കാരണം ചിലപ്പോള്‍ റോഡുകളില്‍ കുഴികള്‍ രൂപപ്പെടാം. അവ പെട്ടെന്ന് തന്നെ താല്‍ക്കാലികമായെങ്കിലും അടക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഏപ്രില്‍ – മെയ് മാസങ്ങളില്‍ ഡിവിഷന്‍ തലത്തിലും സര്‍ക്കിള്‍ തലത്തിലും യോഗം വിളിച്ചു ചേര്‍ത്ത് കൃത്യമായി പ്രവൃത്തി വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മെയ് 15 നു മുന്‍പ് എല്ലാ ചീഫ് എന്‍ജിനീയര്‍മാരും പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. യൂട്ടിലിറ്റി പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ ബന്ധപ്പെട്ട ഏജന്‍സികളുമായി ചേര്‍ന്ന് ഉദ്യോഗസ്ഥതല യോഗങ്ങള്‍ നടത്തി തീരുമാനം എടുക്കാനും നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.