Listen live radio

കരടി കാട്ടിലേക്ക് കയറിപ്പോയതായി സ്ഥിരീകരണമില്ല; ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ച് വനംവകുപ്പ്

after post image
0

- Advertisement -

 

വെള്ളമുണ്ട കരിങ്ങാരിയില്‍ ഇറങ്ങിയ കരടിക്കായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ച് വനംവകുപ്പ്. കരടി കാട്ടിലേക്ക് കയറിപ്പോയതായി സ്ഥിരീകരണമില്ല. പകല്‍ എവിടെയും കരടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. പുഴയുടെ തീരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകളും ലഭിച്ചിട്ടില്ല. ജനവാസ മേഖലയില്‍ കരടി ഉണ്ടെന്ന വിവരം ലഭിച്ചാല്‍ തെരച്ചില്‍ പുനരാരംഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

വനംവകുപ്പുദ്യോഗസ്ഥര്‍ ഇന്നലെ മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല. രണ്ട് ദിവസം മുമ്പ് പയ്യമ്പള്ളിയിലിറങ്ങിയ കരടിയാണ് ജനവാസ കേന്ദ്രത്തില്‍ വിലസുന്നത്. ഇന്നലെ രാവിലെ മുതല്‍ കരടിയുടെ പിറകിലാണ് നാട്ടുകാരും വനംവകുപ്പുദ്യോഗസ്ഥരും. വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരിപാടത്ത് കരടി പായുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ഇന്നലെ വയലിനുള്ളിലെ തുരുത്തിലൊന്നില്‍ പതിയിരിക്കുകയായിരുന്നു കരടി. വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലം വളഞ്ഞ് പടക്കം പൊട്ടിച്ചപ്പോള്‍ മറ്റൊരു തുരുത്തിലേക്ക് പാഞ്ഞു. തുടര്‍ച്ചയായി പടക്കം പൊട്ടിച്ചതോടെ കരടി വയലിലൂടെ കക്കടവ് ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.

ഇന്ന് ഇരുട്ടുവീണതോടെയാണ് ശ്രമം ഉപേക്ഷിച്ച് സംഘം മടങ്ങിയത്. പ്രദേശത്ത് വനംവകുപ്പുദ്യോഗസ്ഥരുടെ നിരീക്ഷണം തുടരുകയാണ്. മൂന്ന് ദിവസം മുമ്പ് പയ്യമ്പള്ളിയിലാണ് ഈ കരടിയെ ആദ്യം കണ്ടത്. ഇതിന് ശേഷമാണ് മാനന്തവാടി നഗരസഭയിലെ വള്ളിയൂര്‍ക്കാവ് ക്ഷേത്ര സമീപത്തു കരടിയെ കണ്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. തോണിച്ചാലിലും എടവക പഞ്ചായത്തിലെ മറ്റ് പലയിടത്തുമെത്തിയ കരടി ഒടുവില്‍ വെള്ളമുണ്ട പഞ്ചായത്തിലുമെത്തുകയായിരുന്നു.

Leave A Reply

Your email address will not be published.