Listen live radio

സുഭിക്ഷ കേരളം: ബാണാസുര സാഗറില്‍ 50 ഏക്കര്‍ കൃഷി ഇറക്കും

after post image
0

- Advertisement -

കല്‍പ്പറ്റ: ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയില്‍ ബാണാസുര സാഗര്‍ പദ്ധതി പ്രദേശത്തെ 50 ഏക്കര്‍ തരിശു ഭൂമിയില്‍ കൃഷിയിറക്കും. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ പത്ത് ഏക്കര്‍ സ്ഥലത്ത് പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി എന്നിവയും ബാക്കി വരുന്ന 40 ഏക്കര്‍ സ്ഥലത്തു പച്ചക്കറി കൃഷിയും, ജില്ലയ്ക്ക് അനുയോജ്യമായ പൂ കൃഷി, ഫാഷന്‍ ഫ്രൂട്ട്, സ്‌ട്രോബെറി എന്നിവയും, പപ്പായ കൃഷിയും നടത്തും.
പദ്ധതിയുടെ ഭാഗമായി മില്‍ക്ക് സൊസൈറ്റികളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 100 പശുക്കുട്ടികളെ വാങ്ങും. വളര്‍ത്തിയ ശേഷം ഇവയെ കര്‍ഷകര്‍ക്ക് തന്നെ തിരിച്ചു നല്‍കും. പച്ചപ്പ് പദ്ധതിയുടെ കര്‍ഷക ഗ്രൂപ്പുകള്‍, പ്രാദേശിക സംഘങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ സുസ്ഥിര കൃഷി രീതിയും ഇവിടെ നടപ്പാക്കും. . ജൂലായ് 30 നകം പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാകുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സജിമോന്‍. കെ. വര്‍ഗ്ഗീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. മമ്മൂട്ടി, പടിഞ്ഞാറത്തറ കൃഷി ഓഫീസര്‍ കെ.ടി. ശ്രീകാന്ത്, തരിയോട് കൃഷി ഓഫീസര്‍ ജയരാജ്, ഡാം സേഫ്റ്റി തരിയോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ശ്രീധരന്‍, റീസേര്‍ച്ച് & ഡാം സേഫ്റ്റി തരിയോട് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.