Listen live radio

കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതിയില്‍ അപേക്ഷിക്കാതെ അംഗമാക്കും, പണം നഷ്ടം; വ്യാജരേഖ ചമച്ച് ബാങ്കുകള്‍

after post image
0

- Advertisement -

പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതികളില്‍ അപേക്ഷിക്കാതെ അംഗമായവരുടെ അക്കൗണ്ടുകളില്‍ നിന്ന് അനുവാദമില്ലാതെ പണം പിന്‍വലിച്ച് ബാങ്കുകള്‍. തെറ്റ് മറച്ചുവെക്കാന്‍ ജീവനക്കാരെ ഉപയോഗിച്ച് ബാങ്കുകള്‍ തന്നെ വ്യാജരേഖ ചമയ്ക്കുന്നതായും വ്യാപക പരാതിയുണ്ട്. എന്നാല്‍ തങ്ങള്‍ അപേക്ഷിക്കാതെ പണം പിന്‍വലിച്ചെന്ന് പലരും പരാതി ഉന്നയിച്ചിട്ടും ഇതില്‍ നിന്നൊന്നും ബാങ്കുകള്‍ പിന്മാറുന്നില്ലെന്നും ആക്ഷേപമുണ്ട്.കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും തമ്മില്‍ എക്‌സില്‍ ഇതുമായി ബന്ധപ്പെട്ട് പോര് നടക്കുന്നുണ്ട്. അനുവാദമില്ലാതെ ജനത്തെ അടല്‍ പെന്‍ഷന്‍ യോജന ഉള്‍പ്പടെയുള്ള സ്‌കീമുകളില്‍ അംഗമാമാക്കുന്നതും അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നതുമാണ് വിഷയം. ആളുകളെ കബളിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചുമാണ് ഇത്തരം സ്‌കീമുകളില്‍ ചേര്‍ക്കുന്നതെന്ന് ജയറാം രമേശ് ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരം സ്‌കീമുകളെല്ലാം ജനക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നായിരുന്നു ധനമന്ത്രിയുടെ വാദം. റിട്ടയര്‍മെന്റിന് ശേഷം നല്ലൊരു ജീവിതം നയിക്കാന്‍ ഇത് സഹായിക്കും എന്നതാണ് മന്ത്രിയുടെ വാദം.

എന്നാല്‍ ജയറാം രമേശിന്റെ വാദങ്ങളെ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (കഇടടഞ) നടത്തിയ പഠനത്തിലും അടല്‍ പെന്‍ഷന്‍ യോജനാ അക്കൗണ്ടുകള്‍ ആളുകളുടെ അനുവാദമില്ലാതെയാണ് തുറന്നതെന്ന് പറയുന്നു. അനുവാദമില്ലാതെ അക്കൗണ്ടുകള്‍ തുറന്നതില്‍ പ്രതിഷേധിച്ച് 32% ആളുകളും പദ്ധതിയില്‍ നിന്ന് പിന്മാറി. 38 % ശതമാനം ആളുകള്‍ അക്കൗണ്ട് ക്ലോസ് ചെയ്ത് പദ്ധിതിയില്‍ നിന്ന് പിന്മാറിയത് പണത്തിന് ആവശ്യമുണ്ടായതിനാലാണ്. എന്നാല്‍ 15% ആളുകള്‍ക്ക് അക്കൗണ്ടിലിടാന്‍ പണമില്ലായെന്നും കഇടടഞ നടത്തിയ പഠനത്തില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ 14 എന്ന ഓണ്‍ലൈന്‍ മാധ്യമം പരാതിക്കാരെ ബന്ധപ്പെട്ട് വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ബിഹാറിലെ സരന്‍ ജില്ലയില്‍ നിന്നുള്ള എഞ്ചിനീയറിങ് ബിരുദധാരിയായ കുന്ദന്‍ കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന, പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ പദ്ധതികള്‍ക്കായാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകള്‍ നിക്ഷേപകന്റെ അപേക്ഷയോ അനുമതിയോ ഇല്ലാതെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത് ശ്രദ്ധയില്‍ പെട്ട കുന്ദന്‍ കുമാര്‍ 2022 ഡിസംബര്‍ 29 ന് വിവരവാകാശ നിയമപ്രകാരം പ്രധാന മന്ത്രി ജീവന്‍ ജ്യോതി ഭിമ യോജനയില്‍ അംഗമാകാനുള്ള തന്റെ അപേക്ഷയുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് എസ്ബിഐയില്‍ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 2023 ഫെബ്രുവരി രണ്ടിന് നല്‍കിയ മറുപടിയില്‍ ഈ അപേക്ഷ കണ്ടെത്താനായില്ലെന്നാണ് എസ്ബിഐ വ്യക്തമാക്കിയത്. കുന്ദന്റെ അക്കൗണ്ടില്‍ നിന്ന് വര്‍ഷം തോറും പിന്‍വലിച്ച 436 രൂപ തിരികെ നല്‍കാനും ബാങ്ക് വിസമ്മതിച്ചു. ഈ പണം ഇതുവരെ തിരികെ കിട്ടിയിട്ടുമില്ലെന്ന് കുന്ദന്‍ കുമാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇദ്ദേഹത്തെ പോലെ നിരവധി പേരാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. കുന്ദന്‍ കുമാറിന്റെ അമ്മ അപേക്ഷിക്കാതെ തന്നെ അടല്‍ പെന്‍ഷന്‍ യോജനയില്‍ അംഗമായി. ഇത് പ്രകാരം അമ്മയുടെ അക്കൗണ്ടില്‍ നിന്ന് 20 രൂപ വീതം വര്‍ഷം തോറും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. അതും അമ്മയുടെ അറിവില്ലാതെയാണെന്നാണ് പരാതി. പ്രധാന മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയില്‍ അംഗമായ ആളുടെ മരണം സംഭവിച്ചാല്‍ നോമിനിക്ക് 2 ലക്ഷം രൂപയാണ് ലഭിക്കുക. പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന പ്രകാരം അപകട മരണം സംഭവിച്ചാല്‍ നോമിനിക്ക് 2 ലക്ഷം രൂപയും ഗുരുതരമായ പരിക്കേറ്റാല്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിക്കും. അതേസമയം അടല്‍ പെന്‍ഷന്‍ യോജനയില്‍ 60 വയസ് പിന്നിടുന്ന സ്ത്രീകള്‍ക്ക് മാസം തോറും 5000 രൂപ വരെ ലഭിക്കും. ഇതും അപേക്ഷയില്‍ തിരഞ്ഞെടുക്കുന്ന പെന്‍ഷന്‍ പ്ലാനിനെ അടിസ്ഥാനമാക്കി ഉള്ളതാണ്. എന്നാല്‍ അപേക്ഷിക്കാതെ പദ്ധതികളില്‍ അംഗമായവര്‍ക്ക് തങ്ങള്‍ പ്രീമിയം അടക്കുന്ന വിവരം പോലും അറിയില്ല. മാത്രമല്ല, ഇവരുടെ പോളിസി സര്‍ട്ടിഫിക്കറ്റുകളില്‍ നോമിനി സ്ഥാനത്ത് ആരുടെയും പേര് രേഖപ്പെടുത്തിയിട്ടുമില്ല. അതിനാല്‍ തന്നെ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും അടഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ പദ്ധതികള്‍ 2015 മെയ് മാസത്തിലാണ് അവതരിപ്പിച്ചത്. രാജ്യത്തെ സാധാരണക്കാരായ ആളുകളുടെ ജീവിതത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായിരുന്നു ഇവ അവതരിപ്പിച്ചത്. പദ്ധതികള്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ മുതല്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് മുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. അതിനാലാണ് അപേക്ഷിക്കാത്തവരെയടക്കം പദ്ധതികളില്‍ ബാങ്കുകള്‍ അംഗങ്ങളാക്കിയതെന്നാണ് ആരോപണം. എന്നാല്‍ ബാങ്കുകളുടെ തലപ്പത്ത് നിന്ന് താഴേക്ക് എല്ലാ ഓഫീസുകളിലും പദ്ധതികളില്‍ അംഗങ്ങളെ ഇത്തരത്തിലാണ് കൂട്ടിച്ചേര്‍ത്തതെന്ന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ആധാരമായ നിരവധി തെളിവുകളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവായി ചൂണ്ടിക്കാട്ടുന്നത് ഇന്‍ഷുറന്‍സ് ആക്ടിവേഷന്‍ പോര്‍ട്ടലില്‍ അപേക്ഷകരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്ത രീതിയാണ്. നിരവധി ഉപയോക്താക്കളുടെ രേഖകള്‍ ഒന്നിച്ച് രേഖപ്പെടുത്തിയ സ്‌പ്രെഡ്ഷീറ്റ് ഫയലായും മറ്റും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. അതിനാല്‍ തന്നെ ബാങ്കിന്റെ തലപ്പത്ത് നിന്ന് അടിച്ചേല്‍പ്പിച്ച ഉയര്‍ന്ന ടാര്‍ജറ്റ് വരെ വളരെ എളുപ്പത്തില്‍ നേടിയെടുക്കാന്‍ താഴേത്തട്ടിലുള്ള ജീവനക്കാര്‍ക്ക് സാധിച്ചിട്ടുണ്ടാകുമെന്നും ഇതിലൂടെ വ്യക്തമാകുന്നു. അപേക്ഷകരുടെ അനുമതിയോടെ തന്നെയാണോ ഇവരെല്ലാം പദ്ധതികളില്‍ അംഗങ്ങളായതെന്നതും ബാങ്കിലെ ഉന്നതര്‍ പരിശോധിച്ചതുമില്ല.

കേന്ദ്ര പൊതുമേഖലാ ബാങ്കായ യുകോ ബാങ്കിലെ ജീവനക്കാരുടെ സംഘടന ഈ പദ്ധതികളില്‍ അംഗങ്ങളെ ചേര്‍ത്ത രീതിയില്‍ അപാകതകളുണ്ടെന്ന് ആരോപിച്ച് 2023 ആഗസ്റ്റില്‍ സിഇഒ കൂടിയായ മാനേജിങ് ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. ഡെറാഡൂണില്‍ അംഗങ്ങളെ ചേര്‍ത്തതിലാണ് ഇവര്‍ ക്രമക്കേട് ആരോപിച്ചത്. ജൂലൈ അവസാനത്തോടെ ഡെറാഡൂണിലെ യൂകോ ബാങ്ക് സോണല്‍ ഓഫീസില്‍ നിന്ന് ബ്രാഞ്ചുകളിലേക്ക് പദ്ധതികളില്‍ അംഗങ്ങളാക്കാവുന്നവരുടെ പട്ടിക ബ്രാഞ്ചിലേക്ക് അയച്ച്, ഇവരെയെല്ലാം പ്രധാനമന്ത്രി സുരക്ഷ ഭിമ യോജനയിലും പ്രധാന മന്ത്രി ജീവന്‍ ജ്യോതി ഭിമ യോജനയിലും അംഗങ്ങളാക്കാന്‍ ആവശ്യപ്പെട്ടുവെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. ഇതില്‍ പല ബ്രാഞ്ച് മാനേജര്‍മാരും വിസമ്മതം രേഖപ്പെടുത്തിയിരുന്നുവെന്നും ഹെഡ് ഓഫീസിനോട് നേരിട്ട് ഇത് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും ഇതില്‍ ആരോപണമുണ്ട്.

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടി പരാതികള്‍ വന്നതോടെ മാനേജര്‍മാര്‍ സോണല്‍ ഓഫീസില്‍ നിന്ന് റീഫണ്ട് നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സോണല്‍ ഓഫീസില്‍ നിന്ന് പരാതിക്കാരോട് പഴയ തീയതി രേഖപ്പെടുത്തിയ അപേക്ഷ എഴുതി വാങ്ങാനുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. കാനറ ബാങ്കിലും സമാനമായ സ്ഥിതിയുണ്ടെന്ന് രാജസ്ഥാനിലെ ഒരു ബാങ്ക് ജീവനക്കാരന്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. പ്രധാന മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയില്‍ അംഗങ്ങളാക്കേണ്ടവരുടെ പട്ടിക റീജണല്‍ ഓഫീസില്‍ നിന്ന് ബ്രാഞ്ച് ഓഫീസിലേക്ക് അയച്ചുകൊടുത്തു എന്നാണ് ആരോപണം.

ഗുജറാത്തില്‍ പ്രധാന മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയില്‍ അപേക്ഷിക്കാതെ അംഗമായ സ്ത്രീ ബാങ്കില്‍ ചെന്ന് പരാതി ഉന്നയിച്ചപ്പോള്‍ സാങ്കേതിക തകരാറാണെന്ന് ജീവനക്കാര്‍ മറുപടി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡയില്‍ കര്‍ണാടകയിലും എസ്ബിഐയില്‍ ഡല്‍ഹിയിലും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ ബാങ്കുകളൊന്നും ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 2024 ജനുവരിയില്‍ മണികണ്‍ട്രോളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഈ വിഷയം എസ്ബിഐയുടെ ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും അധാര്‍മിക പ്രവര്‍ത്തനത്തില്‍ നിന്ന് ജീവനക്കാരോട് പിന്മാറാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും പറയുന്നുണ്ട്. ഇക്കണോമിക് ടൈംസ് 2023 ഡിസംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, കാനറ ബാങ്ക് സംഭവത്തില്‍ ഓഡിറ്റിന് നിര്‍ദ്ദേശം നല്‍കിയെന്നും ആഴ്ചകള്‍ക്ക് ശേഷം പരാതിക്കാരില്‍ നിന്ന് അപേക്ഷ എഴുതിവാങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും പറയുന്നു.

 

ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ ചെലവ് കുറഞ്ഞതും പ്രയോജനമുള്ളതുമാണ്. എന്നാല്‍ അനുവാദമില്ലാതെ തുക പിടിക്കുന്നതാണ് ഉപഭോക്താക്കളെ ചൊടിപ്പിച്ചത്. വിദ്യാര്‍ഥികളും തൊഴിലാളികളും, തൊഴില്‍രഹിതരുമായ അനേകം പേര്‍ക്കാണ് ഇത്തരത്തില്‍ തുക നഷ്ടപ്പെട്ടത്. സമൂഹമാധ്യമങ്ങളില്‍ പലരും തങ്ങളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അനുവാദമില്ലാതെ അംഗങ്ങളായ പദ്ധതിയില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്ന വിഷയങ്ങളിലുള്ള യൂട്യൂബ് വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ഇതുതന്നെ തട്ടിപ്പിന്റെ വ്യാപ്തി തുറന്നുകാട്ടുന്നുണ്ട്. അക്കൗണ്ടില്‍ നിന്ന് ഡെബിറ്റാവുന്ന തുകയുടെ റീഫണ്ട് ആവശ്യപ്പെടുമ്പോള്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജീവനക്കാര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് നല്‍കിയതായും ബാധിക്കപ്പെട്ടവര്‍ പറയുന്നു.

 

Leave A Reply

Your email address will not be published.