Listen live radio

ഉത്സവ പ്രതീതിയില്‍ രാഹുല്‍, പ്രിയങ്ക റോഡ് ഷോ

after post image
0

- Advertisement -

കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടുന്ന രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായി നടത്തിയ റോഡ് ഷോ നഗരത്തില്‍ ഉളവാക്കിയത് ഉത്സവ പ്രതീതി.സഹോദരി പ്രിയങ്ക ഗാന്ധിയെ അരികെ നിര്‍ത്തിയായിരുന്നു റോഡ് ഷോ.
പാര്‍ശ്വങ്ങളില്‍ ‘രാഹുലിനൊപ്പം ഇന്ത്യക്കായ്’ എന്നെഴുതിയ ബോര്‍ഡ് ഘടിപ്പിച്ച തുറന്ന വാഹനത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ നേതാക്കളായ കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, എം.എം. ഹസന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങള്‍, കന്നയ്യ കുമാര്‍, എന്‍.ഡി. അപ്പച്ചന്‍ എംഎല്‍എമരായ ടി. സിദ്ദിഖ്, എ.പി. അനില്‍കുമാര്‍, ഐ.സി. ബാലകൃഷ്ണന്‍, മോന്‍സ് ജോസഫ്, പി.കെ. ബഷീര്‍ എന്നിവരും ഇടം പിടിച്ച വാഹനത്തിന്റെ മുന്നിലും പിന്നിലും സ്ത്രീകളും യുവജനങ്ങളുമടക്കം ആയിരങ്ങളാണ് അണിനിരന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനു എത്തിയപ്പോള്‍ രാഹുല്‍ഗാന്ധി നഗരത്തില്‍ നടത്തിയ റോഡ് ഷോയോടു കിടപിടിക്കുന്നതായിരുന്നു ബുധനാഴ്ചത്തെ പരിപാടി. വെയിലിന്റെ കാഠിന്യം ആവേശച്ചൂടില്‍ അലിഞ്ഞില്ലാതായി.

രാവിലെ പത്തരയോടെ മേപ്പാടിക്കടുത്ത് റിപ്പണില്‍ ഹെലികോപ്റ്ററില്‍ എത്തിയ രാഹുലും പ്രിയങ്കയും റോഡ് മാര്‍ഗം പുതിയ സ്റ്റാന്‍ഡ് പരിസരത്ത് എത്തിയ മുറയ്ക്കായിരുന്നു റോഡ് ഷോ തുടക്കം. രാഹുലും സഹോദരിയും വരുന്നതിനു മണിക്കൂറുകള്‍ മുമ്പേ പുതിയ സ്റ്റാന്‍ഡും പരിസരവും യുഡിഎഫ് പ്രവര്‍ത്തകകര്‍ കൈയടക്കി. രാഹുലിന്റെ ചിത്രമുള്ള പ്ലക്കാര്‍ഡുകളുമായി പിണങ്ങോട് ജംഗ്ഷന്‍, ആനപ്പാലം ജംഗ്ഷന്‍ തുടങ്ങിയ ഇടങ്ങളിലും റോഡിന് ഇരുവശവും ആളുകള്‍ അണിനിരന്നു. ബത്തേരി നിയോജകമണ്ഡലത്തില്‍നിന്നുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിനു കുറച്ചകലെ കൈനാട്ടി ഭാഗത്താണ് ഒത്തുചേര്‍ന്നത്. റോഡ് ഷോ കാണുന്നതിന് ബഹുനില കെട്ടിടങ്ങളുടെ വരാന്തകളിലും ആളുകള്‍ തിക്കിത്തിരക്കി. റോഡിനു ഇരു വശങ്ങളിലുമുള്ളവരെ അഭിവാദ്യം ചെയ്താണ് രാഹുലും പ്രിയങ്കയും എസ്‌കെഎംജെ സ്‌കൂള്‍ പരിസരം വരെയുള്ള റോഡ് ഷോ പൂര്‍ത്തിയാക്കിയത്. ബാന്‍ഡ്, ചെണ്ട മേളം, കലാരൂപങ്ങള്‍ എന്നിവ റോഡ് ഷോയ്ക്ക് മാറ്റുകൂട്ടി.

 

Leave A Reply

Your email address will not be published.