മുംബൈ ∙ പതിവില്ലാതെ ഇന്നലെ രാവിലെ ഫോണിൽ ഫോണിൽ കൊച്ചുമകളുടെ ‘ഗുഡ്മോണിങ്’ വന്നതിന്റെ സന്തോഷത്തിലായിരുന്നു മീര പഥക്. എന്നാൽ അത് അവളുടെ ജീവിതത്തിലെ അവസാനത്തെ വാക്കുകളായിരുന്നെന്ന് വിശ്വസിക്കാനാകാതെ പൊട്ടിക്കരയുകയാണിപ്പോൾ അപകടത്തിൽ മരിച്ച കോപൈലറ്റ് സാംഭവി പഥക്കിന്റെ മുത്തശ്ശി മീര. രാവിലെ ടേക് ഓഫിനു മുൻപാണു സാംഭവി മുത്തശ്ശിക്കു നല്ല പ്രഭാതം ആശംസിച്ചത്. മെസെജ് അയയ്ക്കുന്ന പതിവില്ലാത്ത കൊച്ചുമകളുടെ സന്ദേശത്തിന്റെ ‘സർപ്രൈസ്’ പെട്ടെന്നാണു കണ്ണീരിനു വഴിമാറിയത്. അജിത് പവാർ ഉൾപ്പെടെ 5 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. സാംഭവിക്കു പുറമേ, പൈലറ്റ് സുമിത് കപൂർ, ഫ്ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി, അജിത് പവാറിന്റെ പഴ്സനൽ സെക്യൂരിറ്റി ഓഫിസർ വിദിപ് ജാധവ് എന്നിവരും മരിച്ചു. ‘ഗ്വാളിയറിലെ എയർഫോഴ്സ് വിദ്യാഭാരതി സ്കൂളിലാണു സാംഭവി അഞ്ചാം ക്ലാസ് വരെ പഠിച്ചത്. പിതാവിന്റെ ജോലി മാറ്റം കാരണം താമസം പിന്നീട് ഡൽഹിയിലെ ലോധി കോളനിയിലേക്കു മാറി.
ന്യൂസീലൻഡിൽ നിന്നാണു പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. ഡൽഹി, ലണ്ടൻ, റഷ്യ എന്നിവിടങ്ങളിലേക്കു പലതവണ വിമാനം പറത്തുകയും ചെയ്തിട്ടുണ്ട്’– കൊച്ചുമകളുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണു മീര വിതുമ്പുന്നത്. റിട്ട. എയർഫോഴ്സ് പൈലറ്റ് വിക്രം പഥക്കിന്റെ മകളാണു സാംഭവി. ഡൽഹിയിൽ എയർ ഫോഴ്സ് ബാൽ ഭാരതി സ്കൂളിൽ അധ്യാപികയാണ് അമ്മ. സഹോദരൻ നാവികസേനയിലാണ്. ‘പപ്പാ ഞാൻ അജിത് പവാറിനൊപ്പം പറക്കുകയാണ്’ചൊവ്വാഴ്ച വൈകിട്ട് അച്ഛൻ ശിവകുമാർ മാലിയെ വിളിച്ചു പിങ്കി മാലി പറഞ്ഞു, ‘പപ്പാ, ഞാൻ നാളെ ഉപമുഖ്യമന്ത്രി അജിത് പവാറിനൊപ്പം ബാരാമതിയിലേക്കു പോകുകയാണ്. ലാൻഡിങ്ങിനു ശേഷം നാന്ദേഡിലെ ഹോട്ടലിൽ എത്തിയാലുടൻ വിളിക്കാം.’ പക്ഷേ, അവൾ വിളിച്ചില്ല, ഇനി വിളിക്കുകയുമില്ല. കണ്ണീരോടെ ശിവകുമാർ പറയുന്നു. ശിവസേനാ നേതാവാണു ശിവകുമാർ.














