മറയൂർ: നാലുദിവസം കാട്ടിനുള്ളിൽ ഒറ്റയ്ക്ക് കഴിയേണ്ടിവന്ന 104 വയസ്സുകാരിക്ക് പുനർജന്മം. കാന്തല്ലൂർ ഇടക്കടവ് എസ്.സി. കോളനിയിൽ പരേതനായ ലിങ്കന്റെ ഭാര്യ തങ്കമ്മാളാണ് ശൈത്യത്തെയും വന്യജീവികളെയും പ്രതിരോധിച്ച് മറയൂരിലെ മുരുകൻമലയ്ക്ക് താഴെയുള്ള അറക്കമലയിലെ വനത്തിനുള്ളിൽ കഴിഞ്ഞത്.
ശനിയാഴ്ച തങ്കമ്മാളെ മകൻ മുരുകനും സംഘവും കണ്ടെത്തുമ്പോൾ ക്ഷീണമുണ്ടായിരുന്നെങ്കിലും വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 11-ന് രാവിലെ ഒൻപത് മണിക്കും 12-നുമിടയിലാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഓർമ്മക്കുറവുള്ള തങ്കമ്മാളെ കാണാതാവുന്നത്.
പല സ്ഥലത്തും ബന്ധുക്കൾ തിരക്കി. മറയൂർ പോലീസിൽ പരാതി നല്കി. മറയൂർ ഇൻസ്പെക്ടർ എം. ഷാജഹാന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ ഒരുമണിക്ക് മകൻ മുരുകന്റെ നേതൃത്വത്തിലുള്ള സംഘം അറക്കമലയിൽനിന്ന് തങ്കമ്മാളെ കണ്ടെത്തുമ്പോൾ നാലു പകലും മൂന്നു രാത്രിയും കഴിഞ്ഞിരുന്നു.
ആനക്കൂട്ടങ്ങളും കാട്ടുപോത്തുക്കളും ഏറെയുള്ള വനമേഖലയാണിത്. തങ്കമ്മാളെ കണ്ടെത്തിയ സ്ഥലത്തിന് സമീപം ആനക്കൂട്ടങ്ങളെ കണ്ടെത്തിയതായി ഗ്രാമവാസികൾ പറയുന്നു. കുറുനരിയും ഇഴജന്തുക്കളുമുള്ള പ്രദേശത്ത് നാലുദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ എങ്ങനെ കഴിഞ്ഞുവെന്നത് നാട്ടുകാരിൽ കൗതുകം ഉണർത്തുന്നു.














