Wayanad

മുട്ടില്‍ മരംമുറി: വനം വകുപ്പ് പിടിച്ചെടുത്ത മരത്തടികള്‍ വിട്ടുകിട്ടമെന്ന ഹര്‍ജി തള്ളി, പ്രതികള്‍ക്ക് തിരിച്ചടി

കല്‍പ്പറ്റ: വയനാട് മുട്ടില്‍ മരം മുറി കേസില്‍ ഉൾപ്പെട്ട മുറിച്ചുമാറ്റിയ മരങ്ങള്‍ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി കോടതി ശരിവച്ചു. പിടിച്ചെടുത്ത മരങ്ങള്‍ തിരിച്ചുകിട്ടണം എന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വയനാട് അഡീഷനല്‍ ജില്ലാ കോടതിയുടേതാണ് നടപടി. മരം തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയിരുന്നത്.

മുറിച്ചുകടത്തിയ 104 ഈട്ടി മരങ്ങള്‍ വനംവകുപ്പ് കണ്ടുകെട്ടിയ നടപടിക്കെതിരെയായിരുന്നു അപ്പീല്‍. നിയമ വിരുദ്ധമായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ വാങ്ങുക മാത്രമാണ് ചെയ്തത്. ഇത് തിരിച്ച് കിട്ടണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിയമ വിരുദ്ധമായ ഒരു ഉത്തരവിന്റെ പേരില്‍ നിയമ വിരുദ്ധമായാണ് മരങ്ങള്‍ മുറിച്ചു മാറ്റിയത്. ഈ ഉത്തരവ് സര്‍ക്കാര്‍ തിരുത്തുകളും പുതിയ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ നിയമ വിരുദ്ധമായി മുറിച്ചുമാറ്റപ്പെട്ട മരങ്ങള്‍ വനം വകുപ്പില്‍ നിന്നും ആവശ്യപ്പെടാന്‍ കഴിയില്ലെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്.

2020 – 21 സമയത്തായിരുന്നു വയനാട് മുട്ടിലില്‍ നടന്ന കോടികളുടെ അനധികൃത മരംമുറി നടന്നത്. അഗസ്റ്റിന്‍ സഹോദരങ്ങളടക്കം 12 കേസിലെ പ്രതികള്‍. 1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയില്‍ സ്വയം കിളിര്‍ത്തതോ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതോ ആയ മരങ്ങള്‍ മുറിക്കാമെന്ന, 2020ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ മറവില്‍ കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് കേസ്. ഉത്തരവിന്റെ മറവില്‍ 500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. വനംവകുപ്പിന് വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. ജയപ്രമോദ് കോടതിയില്‍ ഹാജരായി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.