മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യാപക പരാതി. ജയിന്റ് വീൽ, മരണക്കിണർ, ബ്രേക്ക് ഡാൻസ്, ഡ്രാഗൺ, ആകാശത്തൊട്ടിൽ തുടങ്ങി നിരവധി റൈഡുകളാണ് പാർക്കിലുള്ളത്. എന്നാൽ ഇവയിലൊന്നിലും മതിയായ ജീവൻരക്ഷാ സംവിധാനങ്ങളില്ലാതെയാണ് പ്രവർത്തനം നടക്കുന്നത്.അടുത്തിടെ ഹരിയാനയിൽ അപകടമുണ്ടാക്കിയതിന് സമാനമായ റൈഡുകൾ വള്ളിയൂർക്കാവിലും പ്രവർത്തിപ്പിക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇവിടുത്തെ യന്ത്ര ഊഞ്ഞാലിൽ നിന്ന് വീണ് ഒരാൾ മരിച്ച ദാരുണ സംഭവം നിലനിൽക്കെയാണ് അധികൃതരുടെ ഭാഗത്തുനിന്നും വീണ്ടും അനാസ്ഥയുണ്ടാകുന്നത്. കെ.എസ്.ഇ.ബി, അഗ്നിരക്ഷാ സേന എന്നിവർ നൽകിയ താൽക്കാലിക എൻ.ഒ.സിയുടെ (NOC) മറവിലാണ് നിയമലംഘനങ്ങൾ നടക്കുന്നതെന്ന് ആരോപണമുണ്ട്.അമിത നിരക്കും നികുതി വെട്ടിപ്പുംസുരക്ഷാ പ്രശ്നങ്ങൾക്ക് പുറമെ ജനങ്ങളെ കൊള്ളയടിക്കുന്ന തരത്തിലുള്ള ടിക്കറ്റ് നിരക്കാണ് ഇവിടെ ഈടാക്കുന്നത്. 50 രൂപ മുതൽ 200 രൂപ വരെയാണ് വിവിധ വിനോദോപാധികൾക്ക് നൽകേണ്ടി വരുന്നത്. സാധാരണക്കാരായ ഭക്തജനങ്ങൾക്ക് താങ്ങാവുന്നതിലപ്പുറമാണിത്. കൂടാതെ, അമ്യൂസ്‌മെന്റ് പാർക്കിൽ നൽകുന്ന ടിക്കറ്റുകളിൽ നഗരസഭയുടെ ഔദ്യോഗിക സീൽ പതിപ്പിച്ചിട്ടില്ല. ഇത് വലിയ തോതിലുള്ള വിനോദ നികുതി വെട്ടിപ്പിന് കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു കണക്കുമില്ലാതെ വെറും ഒന്നര ലക്ഷത്തോളം രൂപ മാത്രമാണ് വിനോദ നികുതിയിനത്തിൽ അടച്ചതെന്നാണ് വിവരം.തറവാടക കുത്തനെ കൂട്ടിയത് കാരണം ഉത്സവപ്പറമ്പിലെ ലഘുഭക്ഷണങ്ങൾക്കും മറ്റും അമിതവില നൽകേണ്ടി വരുന്നതും ജനങ്ങളെ വലയ്ക്കുന്നു. വരും ദിവസങ്ങളിൽ ഭക്തജനത്തിരക്ക് വർദ്ധിക്കാനിരിക്കെ, വലിയൊരു അപകടസാധ്യത ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.














