തിരുവനന്തപുരം ∙ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിൽനിന്ന് ഉൽപാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകാനാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആലോചിച്ചതെന്ന സിപിഎമ്മിന്റെ വിശദീകരണം തെറ്റാണെന്നു രേഖ. ഈഥൈൽ ആൽക്കഹോളിന്റെ സാന്നിധ്യമുള്ളതും പഴങ്ങളുടെ അംശമില്ലാത്തതുമായ മദ്യം കേരളത്തിൽ വിൽക്കാനുള്ള അപേക്ഷകളാണ് ബക്കാഡി, എസ്ഡിഎഫ് ഇൻഡസ്ട്രീസ് എന്നിവ മുൻ സർക്കാരിനു സമർപ്പിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. കേരളത്തിലേക്കു സ്പിരിറ്റ് ഇറക്കുമതി ചെയ്ത് മദ്യം ഉൽപാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇക്കാര്യം മനസ്സിലാക്കിയാണ് മുൻ സർക്കാർ അനുമതി നൽകിയത്.
ബക്കാഡി ബ്രീസറിൽ 4.8 ശതമാനവും ബക്കാഡി പ്ലസിൽ 8 ശതമാനവുമാണ് ഈഥൈൽ ആൽക്കഹോളിന്റെ സാന്നിധ്യം. ബക്കാഡിയുടെ അപേക്ഷയിൽ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. എസ്ഡിഎഫ് ഉൽപാദിപ്പിക്കുന്ന മദ്യത്തിൽ 10– 20 % വരെയായിരുന്നു ആൽക്കഹോളിന്റെ സാന്നിധ്യം. ഇതിൽ പഴങ്ങളല്ല, മറിച്ചു പഴവർഗങ്ങളുടെ ഫ്ലേവർ ആണു ചേർത്തിരുന്നത്. പഴങ്ങളിൽനിന്നും മറ്റും മദ്യം ഉൽപാദിപ്പിക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെങ്കിലും ലഭിച്ച അപേക്ഷകൾ അത്തരത്തിലുള്ളതല്ലെന്ന് എക്സൈസ് കമ്മിഷണർ അറിയിച്ചിരുന്നു. ഇത് അറിഞ്ഞിട്ടു തന്നെയാണ്, ബക്കാഡി, എസ്ഡിഎഫ് ഇൻഡസ്ട്രീസ് എന്നിവയുടെ അപേക്ഷകൾ കണക്കിലെടുത്ത് വീര്യം കുറഞ്ഞ മദ്യത്തിനു വ്യക്തമായ നിർവചനം നൽകി റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ എക്സൈസ് മന്ത്രിയായിരുന്ന എം.വി.ഗോവിന്ദൻ നിർദേശിച്ചത്.
വീര്യം കുറവാണെങ്കിലും ഇവ മദ്യം തന്നെയാണെന്നും ശീതളപാനീയത്തിനു പകരമായി സ്കൂൾ കുട്ടികളടക്കമുള്ളവർ കുടിക്കുമെന്നും 2018 ൽ എക്സൈസ് കമ്മിഷണറായിരിക്കെ ഋഷിരാജ് സിങ് സർക്കാരിനെ അറിയിച്ചിരുന്നു. ഇത് അവഗണിച്ചാണ് അനുമതി നൽകാനുള്ള നടപടികളിലേക്കു സർക്കാർ കടന്നത്. രണ്ടാം പിണറായി സർക്കാരിലെ 2 എക്സൈസ് മന്ത്രിമാർ ഇതിന്റെ നടപടികൾക്കു പലഘട്ടങ്ങളിൽ അംഗീകാരം നൽകി.
എൽഡിഎഫ് സർക്കാർ മദ്യത്തിന് അനുമതി നൽകിയെങ്കിലും തിരഞ്ഞെടുപ്പ് വന്നതോടെയാണ് നികുതിഘടന നിശ്ചയിക്കാതിരുന്നതെന്നാണു കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞത്. എന്നാൽ, വിൽപന സംബന്ധിച്ച് മന്ത്രിമാർക്കിടയിലുണ്ടായ തർക്കമാണു നികുതി നിർണയിക്കുന്നതിനു തടസ്സമായതെന്ന സൂചനയുമുണ്ട്. വീര്യം കുറഞ്ഞ മദ്യം വന്നാൽ, ഉയർന്ന അളവിൽ ആൽക്കഹോളുള്ള മദ്യത്തിന്റെ ഉപഭോഗം കുറയുമെന്നും അതുവഴി നികുതി നഷ്ടമുണ്ടാകുമെന്നുമുള്ള ആശങ്ക മുൻ ധനമന്ത്രിക്കുണ്ടായെന്ന സൂചനയുമുണ്ട്.














