Kerala

വിശ്വാസവും ശാസ്ത്രവും ഒന്നിച്ചു; പൂജാരിമാർ ഇറങ്ങി, മലേറിയയെ തുരത്താൻ

മുംബൈ ∙ വിശ്വാസവും ശാസ്ത്രവും കൈകോർത്താൽ അസുഖങ്ങളെ തുരത്താനാകുമെന്നു തെളിയിച്ച് ആരോഗ്യപ്രവർത്തകർ. വലിയതോതിൽ മലേറിയ ബാധിച്ച ജില്ലകളിലൊന്നായ ഗഡ്ചിറോളിയിലെ ഗ്രാമീണരായ വിശ്വാസികളെ ചികിത്സയുടെ വഴിയിലേക്കു കൊണ്ടുവരാൻ പൂജാരിമാരെ തന്നെ ‘ആരോഗ്യ പ്രവർത്തകരാക്കി’ ആരോഗ്യവകുപ്പ്. അന്ധവിശ്വാസം അകറ്റുക എളുപ്പമല്ലെന്നറിഞ്ഞാണു നീക്കം. ഒരു വർഷമായി പദ്ധതി വിജയകരമായി മുന്നോട്ടു പോകുന്നു.അസുഖം വന്നാൽ ഡോക്ടറെ കാണുന്നതിനു പകരം പൂജാരിമാരുടെ അടുത്തു പോകാനാണു ഗഡ്ചിറോളിയിലെ പല ഗോത്രവർഗ മേഖലകളിലെയും ജനങ്ങൾക്കും താൽപര്യം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ (പിഎച്ച്സി) ഡോക്ടർമാരും നഴ്സുമാരും ഗ്രാമങ്ങളിലെ പൂജാരിമാരെ നേരിട്ടു കണ്ട് ആധുനിക ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചു ബോധ്യപ്പെടുത്തി. പിന്നീട്, മലേറിയ അടക്കമുള്ള രോഗങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ചു പറഞ്ഞുകൊടുത്തു. പൂജാരിമാരുടെ അടുത്ത് എത്തുന്നവർക്കു മലേറിയ ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള പിഎച്ച്സിയിലേക്ക് അയയ്ക്കാൻ പ്രത്യേകം റഫറൽ കാർഡും നൽകി.

ഇവർ മുഖേന ആശുപത്രിയിലേക്കു വരുന്ന രോഗിയുടെയും എണ്ണത്തിന് അനുസരിച്ചു 15 രൂപയും പരിശോധനയിൽ രോഗിക്കു മലേറിയ സ്ഥിരീകരിച്ചാൽ 500 രൂപയും പ്രോത്സാഹനമായി പൂജാരിമാർക്കു ലഭിക്കും. ഗഡ്ചിറോളിയിൽ മാത്രം 2000ൽ ഏറെ പൂജാരിമാരുണ്ട്. ഇതിൽ പകുതിയിലേറെ പേർക്കു കൗൺസലിങ് നടത്തിയെന്നു ജില്ലാ മലേറിയ ഓഫിസർ സുജിത വാഡിവെ പറഞ്ഞു.70 ശതമാനം മേഖലയും വനത്താൽ നിറഞ്ഞ, പ്രതിവർഷം ശരാശരി 1700 മില്ലിമീറ്റർ മഴ ലഭിക്കുന്ന ഗഡ്ചിറോളിയിൽ ഭൂരിഭാഗം ജനങ്ങളും വീടിനുപുറത്തു കൊതുകുവല പോലുമില്ലാതെയാണ് ഉറങ്ങുന്നത്. മലേറിയ പോലെയുള്ള അസുഖങ്ങൾ വർധിക്കാൻ പ്രധാന കാരണമാണിത്. 2021ൽ 12,326 മലേറിയ കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ 2025ൽ 7,293 ആയി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.