മീനങ്ങാടി / ഷൊർണൂർ ∙ ‘‘പല തരക്കാരായ ആളുകളുടെ നോട്ടത്തിൽ നിന്നും ദ്രോഹത്തിൽ നിന്നും രക്ഷപ്പെടാമെന്നു കരുതിയാണ് ആൺകുട്ടിയെപ്പോലെ വേഷം മാറി നടന്നത്. പക്ഷേ, സ്വന്തം ഏട്ടനെപ്പോലെ കണ്ടയാളിൽനിന്ന് ഒരിക്കലും വിചാരിക്കാത്ത തരത്തിലുള്ള പെരുമാറ്റമുണ്ടായപ്പോൾ സഹിച്ചില്ല. റെയിൽപാളത്തിലേക്കു ചാടി മരിക്കാമെന്നുറപ്പിച്ചാണ് ആദ്യം കണ്ട ട്രെയിനിലേക്കു കയറിയത്’’– പൊലീസ് സംഘത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ആ പതിനേഴു വയസ്സുകാരി പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളുള്ള അമ്മയുടെ ചികിത്സയ്ക്കു തന്നാലാകുന്നതു ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണു കൂടുതലൊന്നും ചിന്തിക്കാതെ ലോറി ക്ലീനറുടെ വേഷമണിഞ്ഞത്. ഇപ്പോൾ ലോകത്തോടു തന്നെയുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അവളുടെ വാക്കുകൾ. പെൺകുട്ടിയെ പീഡിപ്പിച്ച വയനാട് മീനങ്ങാടി സ്വദേശി എ.എസ്.സനോജിനെ (26) പോക്സോ ചുമത്തി ഇന്നലെ മീനങ്ങാടി പൊലീസ് ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ‍് ചെയ്തു.
സനോജും പെൺകുട്ടിയും പരിചയക്കാരായിരുന്നു. ദാരിദ്ര്യം നിറഞ്ഞ ജീവിതമായിരുന്നു അവളുടേത്. ജൂൺ രണ്ടിനാണു സനോജിന്റെ ലോറിയിൽ ക്ലീനറായി പെൺകുട്ടി ജോലിക്കു കയറിയത്. കോഴിക്കോട് വണ്ടി നിർത്തിയപ്പോൾ ലോഡ്ജിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു. ഇറങ്ങിയോടിയാണു രക്ഷപ്പെട്ടത്. പിന്തുടർന്നെത്തിയ സനോജ് മാപ്പുപറഞ്ഞും ഇനി ആവർത്തിക്കില്ലെന്നു വ്യക്തമാക്കിയും അനുനയിപ്പിച്ചു. എന്നാൽ, ലോറി കോട്ടയത്തെത്തിയപ്പോൾ ഇയാൾ പീഡിപ്പിച്ചെന്നാണു പരാതി. തുടർന്നാണു മരിക്കാനുറപ്പിച്ച പെൺകുട്ടി കോട്ടയം റെയിൽവേ സ്റ്റേഷനിൽ ആദ്യം കണ്ട ട്രെയിനിൽ കയറിയത്. ആൺകുട്ടികളെപ്പോലുള്ള ഹെയർ സ്റ്റൈലും വസ്ത്രധാരണവുമുള്ളയാൾ പുറത്തേക്കു ചാടാനെന്ന നിലയിൽ പടിയിൽ നിൽക്കുന്നതു കണ്ട ട്രെയിനിലെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനാണ് അനുനയിപ്പിച്ചു പിന്തിരിപ്പിച്ചത്. പിന്നീട് റെയിൽവേ എസ്ഐ അനിൽ മാത്യുവിനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ തൃശൂർ സ്റ്റേഷനിൽ ഇറക്കി മൊഴിയെടുത്തു. പീഡനത്തിനിരയായതായി വൈദ്യപരിശോധനയിൽ കണ്ടെത്തി. തുടർന്ന് മീനങ്ങാടി പൊലീസിനെ വിവരം അറിയിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.














