Kerala

കള്ളത്താക്കോലിട്ട് രാജ്യമൊട്ടാകെ മോഷണം, സ്കൂട്ടറുകൾ മാത്രം ലക്ഷ്യം; പ്രതിയെ കുടുക്കി പൊലീസ്

കൊച്ചി ∙ നിർത്തിയിട്ടിരിക്കുന്ന സ്കൂട്ടറുകളിൽനിന്ന് കള്ളത്താക്കോൽ ഉപയോഗിച്ച് സാധനങ്ങൾ മോഷ്ടിക്കുന്ന പ്രതിയെ കുടുക്കി പൊലീസ്. യുപിയിലെ അലിഗഡ് സ്വദേശിയായ ഇമ്രാൻ ഖാനെ (34)യാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സമാന വിധത്തിലുള്ള മോഷണങ്ങളുമായി ബന്ധപ്പെട്ട് യുപി പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നയാളാണ് ഇയാൾ. ഒരിടത്തും സ്ഥിരമായി തങ്ങാതെ വിവിധ സംസ്ഥാനങ്ങളിലൂടെ സ‍ഞ്ചരിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതി. മോഷണത്തിനായി കേരളത്തിലെത്തിയ ഇയാളെ കഴിഞ്ഞ രാത്രി വൈറ്റില ഹബ് പരിസരത്ത്‌ ലോഡ്ജ് വളഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു. പത്തോളം ഇരുചക്രവാഹനങ്ങളുടെ താക്കോലുകൾ, 3 മൊബൈൽ ഫോണുകൾ, നിരവധി പഴ്സുകൾ എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തു.

ഈ മാസം 14ന്, ആലുവയിൽ പരീക്ഷ എഴുതാനെത്തിയ തൃശൂർ സാമ്പാളൂർ സ്വദേശിയായ യുവാവ് പഴ്സും മൊബൈൽ ഫോണും സ്കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജിൽ സൂക്ഷിച്ച ശേഷം പരീക്ഷ എഴുതാൻ പോയി. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് തിരികെ വന്നപ്പോൾ സ്കൂട്ടറിനുള്ളിൽനിന്ന് എല്ലാം മോഷണം പോയതായി മനസിലായി. തുടർന്ന് അക്കൗണ്ട് ബ്ലോക് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ 65,000 രൂപ അതിനകം തന്നെ പിൻവലിക്കപ്പെട്ടതായി അറിഞ്ഞു. ഇയാൾ ഉടൻ തന്നെ ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.ഡ്യൂപ്ലിക്കറ്റ് താക്കോലിട്ട് സ്കൂട്ടറിന്റെ സ്റ്റോറേജും ഡാഷുമൊക്കെ തുറന്ന് അതിലുള്ള സാധനങ്ങൾ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. തുടർന്ന് മോഷ്ടിക്കുന്ന ഫോണിലെ സിം മറ്റൊരു ഫോണിലിട്ട് എടിഎം കൗണ്ടറിൽ പോയി എടിഎം പിൻ ചേഞ്ച് ചെയ്യും. ഉടൻ തന്നെ പണം പിൻവലിക്കുകയും ചെയ്യും. സിം ഇടുന്ന ഫോൺ പിന്നെ വിളിക്കാൻ ഉപയോഗിക്കില്ല. കേരളത്തിൽ ആലുവ, കൊല്ലം – കിളികൊല്ലൂർ, തൃശൂർ, തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും യുപിയിലും ഇയാൾ സമാന മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.