കാസർകോട് ∙ പൊലീസുകാരൻ അശ്രദ്ധമായി ആംബുലൻസിലേക്ക് വലിച്ചിഴച്ചതിനാൽ തന്റെ ആരോഗ്യം തകർന്നെന്ന ആരോപണവുമായി സാമൂഹിക പ്രവർത്തക ദയാബായി. 2022ൽ എയിംസ് കാസർകോടിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ 18 ദിവസം നിരാഹാര സമരം കിടന്നിരുന്നു. അന്ന് അവിടത്തെ ഡിവൈഎസ്പി തന്നെ ആംബുലൻസിലേക്ക് വലിച്ചിഴച്ചു കയറ്റി.
ആശുപത്രിയിലെത്തിക്കേണ്ട പ്രശ്നമൊന്നും എന്റെ ആരോഗ്യത്തിനില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും പൊലീസുകാർ കേട്ടില്ല. വളരെ അശ്രദ്ധമായ രീതിയിലാണ് പല തവണകളായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എന്നെ ആംബുലൻസിലേക്ക് എടുത്തിട്ടത്. ആ സമയത്തു തന്നെ തന്റെ ഇടുപ്പെല്ലിന് പരുക്കുണ്ടായി. അതോടെ ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കാതെയായി. നടക്കുന്നതിനും പ്രയാസം അനുഭവപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസം വീണതിനെ തുടർന്ന് എല്ലിനു പൊട്ടലുണ്ടായി. – ദയാബായി പറഞ്ഞു.
ബോപ്പാലിലെ ഫ്രാക്ചർ ആശുപത്രിയിലായിരുന്നു ദയാബായിയുടെ സർജറി. തുടർന്ന് ഭോപ്പാലിലെ ആശാ നികേതൻ ആശുപത്രിയിലേക്ക് മാറ്റി. എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അന്ന് നിരാഹാര സമരം നടന്നത്.














