Kerala

ഭാര്യയുമായി ബന്ധമെന്ന് സംശയം; അനുജനെ യുവാവ് കുത്തിക്കൊന്നു, കൂട്ടുനിന്ന പിതാവും പിടിയിൽ

ബെംഗളൂരു: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് പിതാവും അറസ്റ്റിലായി. കർണാടകയിലെ തുമകുരു സ്വദേശിയായ സ്റ്റാലിനെ(29) കൊലപ്പെടുത്തിയ കേസിലാണ് ജ്യേഷ്ഠനായ നവീൻ അറസ്റ്റിലായത്. കൊലപാതകം ഒളിപ്പിച്ചുവെയ്ക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചതിന് ഇരുവരുടെയും പിതാവായ ജോൺ പോളിനെയും പോലീസ് പിടികൂടി.

നവീന്റെ ഭാര്യയുമായി സ്റ്റാലിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. നവീന്റെ ഭാര്യയുമായി സ്റ്റാലിന് അടുപ്പമുണ്ടെന്ന് സ്റ്റാലിന്റെ പ്രതിശ്രുതവധുവാണ് ആരോപണമുന്നയിച്ചത്. ഇതേച്ചൊല്ലി വീട്ടിൽവെച്ച് നവീനും സ്റ്റാലിനും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ ജ്യേഷ്ഠനായ നവീൻ അനുജനായ സ്റ്റാലിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സ്റ്റാലിനെ പിതാവായ ജോൺ പോളാണ് ആശുപത്രിയിലെത്തിച്ചത്. സ്റ്റാലിന് വീണ് പരിക്കേറ്റെന്നായിരുന്നു ഇയാൾ ഡോക്ടറോട് പറഞ്ഞത്. എന്നാൽ, മുറിവിൽ സംശയം തോന്നിയ ഡോക്ടർ വിവരം പോലീസിനെ അറിയിച്ചു. കൂടുതൽ പരിശോധനയിൽ കുത്തേറ്റുള്ള മുറിവാണെന്നും സ്ഥിരീകരിച്ചു. തുടർന്ന് ജോൺപോളിനെ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.അതിനിടെ, ചികിത്സയിലായിരുന്ന സ്റ്റാലിൻ മാർച്ച് 26-ന് മരിച്ചു. ഇതോടെ നവീനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. പിതാവായ ജോൺപോളിനെതിരേ കുറ്റകൃത്യം മറച്ചുവെച്ചതിനും തെളിവ് നശിപ്പിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.