ചെന്നൈ∙ തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി (36) തൂങ്ങി മരിച്ച നിലയിൽ. ‘കയൽ’ എന്ന തമിഴ് പരമ്പരയിലെ നെഗറ്റീവ് വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ചെന്നൈയിലെ പോരൂരിലുള്ള അപ്പാർട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രനാണ് സുഭാഷിണിയുടെ ഭർത്താവ്. 2024 വരെ ബെംഗളൂരുവിൽ താമസിച്ചിരുന്ന സുഭാഷിണി ഷൂട്ടിങ്ങിന്റെ സൗകര്യാർഥം പിന്നീട് ചെന്നൈയിലെ വാടക അപ്പാർട്മെന്റിലേക്ക് മാറുകയായിരുന്നു.
ഞായറാഴ്ച രാത്രി ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായെന്നും ഇതേത്തുടർന്ന് സുഭാഷിണി തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുഭാഷിണി മരിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വിഡിയോ കോളിൽ കണ്ട ഭർത്താവ് ഉടൻ അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനെ വിവരമറിയിച്ചു. സുരക്ഷാ ജീവനക്കാരൻ പോരൂർ പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്കും സുഭാഷിണി മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.














