ധാക്ക∙ ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയ (80) അന്തരിച്ചു. ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഖാലിദ സിയ ചൊവ്വാഴ്ച പുലർച്ചെ 6 മണിക്കാണ് അന്തരിച്ചത്. നെഞ്ചിൽ അണുബാധ മൂലം നവംബർ 23നാണ് ഖാലിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലിവർ സിറോസിസ്, ആർത്രൈറ്റിസ്, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഖാലിദ സിയ നേരിട്ടിരുന്നു. വൃക്ക, ശ്വാസകോശം, ഹൃദയം, കണ്ണുകൾ എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങളുമുണ്ടായിരുന്നു.
ഹൃദ്രോഗ വിദഗ്ധനായ ഷഹാബുദ്ദീൻ താലൂക്ക്ദാറിന്റെ നേതൃത്വത്തിൽ, ബംഗ്ലദേശ്, യുകെ, യുഎസ്, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ അടങ്ങിയ ഒരു മെഡിക്കൽ ബോർഡാണ് ഖാലിദ സിയയുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നത്. ഖാലിദ സിയയെ ഡിസംബർ ആദ്യം വിദേശത്തുകൊണ്ടുപോയി ചികിത്സിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ആരോഗ്യസ്ഥിതി വളരെ മോശമായതിനാൽ അത് ഒഴിവാക്കുകയായിരുന്നു.
സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ എതിരാളിയായ ഖാലിദ സിയ, ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയാണ്. മൂന്നു തവണ ബംഗ്ലദേശ് പ്രധാനമന്ത്രിയായ ഖാലിദ സിയയെ 2018 ൽ അഴിമതിക്കേസിൽ ശിക്ഷിച്ചിരുന്നു. ചികിത്സയ്‌ക്കായി വിദേശത്ത് പോകുന്നതിനും വിലക്കുണ്ടായിരുന്നു.
ബംഗ്ലദേശ് സൈനിക മേധാവിയും പിൽക്കാലത്ത് പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ ഭാര്യയാണ്. 1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും ബംഗ്ലദേശ് പ്രധാനമന്ത്രിയായിരുന്നു ഖാലിദ സിയ. ബംഗ്ലദേശ് പ്രധാനമന്ത്രിയാകുന്ന ആദ്യ വനിതയും ലോകത്തെ രണ്ടാമത്തെ മുസ്‌ലിം വനിത പ്രധാനമന്ത്രിയുമായിരുന്നു. 1946 ഓഗസ്റ്റ് 15ന് അവിഭക്ത ഇന്ത്യയിലെ ദിനാജ്പുരിൽ ഇസ്കന്ദർ മജുംദാറിന്റെയും തായിബ മജുംദാറിന്റെയും മകളായാണു ഖാലിദ സിയയുടെ ജനനം. വിഭജനത്തെത്തുടർന്നു കുടുംബം പടിഞ്ഞാറൻ പാക്കിസ്ഥാനിലേക്ക് കുടിയേറി. 1960ലാണ് ഖാലിദ സിയാവുർ റഹ്മാനെ വിവാഹം കഴിച്ചത്. 1981ൽ സിയാവുർ വെടിയേറ്റ് കൊല്ലപ്പെട്ടതോടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്കുള്ള ബീഗം ഖാലിദയുടെ രംഗപ്രവേശം. അതുവരെ സിയാവുറിന്റെ പത്നിയെന്ന വിശേഷണത്തിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞയാളായിരുന്നു ഖാലിദ. സിയാവുർ കൊല്ലപ്പെട്ടതിനു പിന്നാലെ, അദ്ദേഹം സ്ഥാപിച്ച ബിഎൻപിയിൽ ഖാലിദ സിയ അംഗമായി. 1982ൽ സിയാവുർ റഹ്മാന്റെ പിൻഗാമിയായി പ്രസിഡന്റായ അബ്ദുൽ സത്താറിനെ പുറത്താക്കിക്കൊണ്ട് അന്നത്തെ സൈനിക മേധാവി ഹുസൈൻ മുഹമ്മദ് ഇർഷാദ് നടത്തിയ അട്ടിമറിക്കു പിന്നാലെയാണ് ബംഗ്ലദേശ് രാഷ്ട്രീയത്തിൽ ഖാലിദ ഉദിച്ചു തുടങ്ങുന്നത്.














