തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തിൽ, ബൂത്ത് ലവൽ ഓഫിസർമാർക്ക് കൊടും വെയിലിലും നേരം തെറ്റി എത്തുന്ന മഴയിൽ നിന്നും രക്ഷ നേടാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വക കുട സമ്മാനം. സംസ്ഥാനത്താകെ മുപ്പതിനായിരത്തിൽപരം ബിഎൽഒമാരാണുള്ളത്. ആലപ്പുഴയിലുള്ള പ്രശസ്ത കുട നിർമാതാക്കളിൽ നിന്ന് ഇവ വാങ്ങി നൽകാൻ തീരുമാനമായി. വോട്ടെടുപ്പു ദിനത്തിൽ ബൂത്തുകൾക്കു മുന്നിൽ രാവിലെ മുതൽ വൈകിട്ടു വരെ വോട്ടർസഹായ കേന്ദ്രങ്ങൾ സജ്ജീകരിച്ച് ബിഎൽഒമാർ ഡ്യൂട്ടിയിലുണ്ട്. ഇതു കണക്കിലെടുത്താണു കുട നൽകുന്നത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഎൽഒമാരുടെ മറ്റു സേവനങ്ങൾക്കുള്ള പ്രതിഫലവും നിശ്ചയിച്ചു. വോട്ടർമാർക്ക് വോട്ടർ സ്ലിപ്പ് വീടുകളിലെത്തി വിതരണം ചെയ്യുന്നതിന് ആകെ 600 രൂപ പ്രതിഫലം നൽകും. 100% സ്ലിപ്പുകളും വിതരണം ചെയ്താലാണു തുക അനുവദിക്കുക. അല്ലെങ്കിൽ വിതരണം ചെയ്തതിന്റെ എണ്ണം അനുസരിച്ചുള്ള തുകയാണു നൽകുക. വോട്ടെടുപ്പ് ദിനം വോട്ടർമാരെ സഹായിക്കുന്നതിന് 900 രൂപ നൽകും. വീട്ടിൽ വോട്ടു ചെയ്യുന്ന നടപടികൾക്കായി പോളിങ് സംഘത്തിനൊപ്പം പോയതിന് പ്രതിദിനം 650 രൂപ വീതം അനുവദിക്കും. 6 ദിവസമാണ് വീട്ടിലെ വോട്ടെടുപ്പ് നടന്നത്. 85 വയസ്സ് പിന്നിട്ടവരും 40 ശതമാനത്തിലേറെ ഭിന്നശേഷിക്കാരുമായ 2.07 ലക്ഷം പേർക്കാണു വീട്ടിൽ വോട്ടു ചെയ്യാൻ അർഹതയുണ്ടായിരുന്നത്.














