ബെംഗളൂരു ∙ കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാൻ (32) എന്നയാളെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. ധാർവാഡിലെ ഹാഷ്മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു ഫൈറോസിനെ ആക്രമിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ നാലോളം പേർ പിന്തുടർന്നെത്തി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഫൈറോസിന്റെ അമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റു. കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്ന ഫൈറോസിന്റെ മൃതദേഹം. ഏപ്രിൽ 24ന് ഫൈറോസിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.
അക്രമികൾക്ക് ഫൈറോസിനെ മുൻപരിചയമുണ്ടെന്നും അവർ രണ്ട് മൊബൈൽ ഫോണുകൾ കൈക്കലാക്കിയെന്നും കുടുംബം ആരോപിക്കുന്നു. സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ഷാ എന്നയാളും കൂട്ടാളികളുമാണു പ്രതികളെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് കമ്മിഷണർ എൻ. ശശികുമാർ സ്ഥലം സന്ദർശിച്ചു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.














