Kerala

‘ഉത്തരക്കടലാസ് വലിച്ചെറിയും; പരാതിപ്പെട്ടാൽ ആൺകുട്ടികളെ വിട്ട് മർദിക്കും’

കണ്ണൂർ ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ അധ്യാപകൻ ഡോ. എം.കെ. റാം സ്ഥിരമായി അധിക്ഷേപിച്ചിരുന്നതായി വിദ്യാർഥികൾ. മുൻപും ഇയാൾക്കെതിരെ പരാതി നൽകിയെന്നും സസ്പെൻഷൻ ലഭിച്ചിരുന്നുവെന്നും അവസാന വർഷ വിദ്യാർഥി നയന നിഷികാന്ത് പറഞ്ഞു.

നിറത്തിന്റേയും ശരീര പ്രകൃതിയുടേയും ജാതിയുടേയും പേരിൽ അധിക്ഷേപിക്കാറുണ്ട്. പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. തന്റെ സുഹൃത്തുക്കളായിരിക്കും പരീക്ഷാ ചുമതലയുള്ളവരായി വരുന്നതെന്നും പരീക്ഷയ്ക്ക് തോൽപ്പിക്കാൻ സാധിക്കുമെന്നും റാം ഭീഷണിപ്പെടുത്താറുണ്ട്.

രക്ഷിതാക്കളോട് വിദ്യാർഥികളെക്കുറിച്ച് മോശമായി സംസാരിക്കും. ഉത്തരക്കടലാസ് വലിച്ചെറിയും. വൈവ പൂർത്തിയാക്കില്ല എന്നു ഭീഷണിപ്പെടുത്തും. പല കുട്ടികളേയും പരീക്ഷ എഴുതിക്കാത്ത സാഹചര്യമുണ്ടായിരുന്നു. പെൺകുട്ടികൾ റാമിനെതിരെ പരാതി നൽകിയപ്പോൾ ആൺകുട്ടികളെ വിട്ട് അടിപ്പിച്ചു. റാമിനെതിരെ വിദ്യാർഥികൾ കോളജ് ഡീനിന് ഒരു വർഷം മുൻപ് പരാതി നൽകിയിരുന്നു. ഒന്നാം വർഷ വിദ്യാർഥികളുടെ രക്ഷിതാക്കൾ യൂണിവേഴ്സിറ്റി അധികൃതർക്കും പരാതി നൽകി. അതിനെത്തുടർന്ന് രണ്ട് മാസം സസ്പെൻഡ് ചെയ്തു.

ഡോ. കെ.ടി. സംഗീതയെക്കുറിച്ച് മോശം അഭിപ്രായമില്ല. അവർ ജൂനിയർ അധ്യാപികയാണ്. റാഗിങ് നടക്കുന്നതായി അറിയില്ല. വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നയന പറഞ്ഞു. അവസാന വർഷ വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണ്. ബാക്കി വിദ്യാർഥികൾക്ക് അവധി നൽകിയിരിക്കുകയാണ്. ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്റെ ആത്മഹത്യ ജാതി അധിക്ഷേപത്തെത്തുടർന്നാണെന്നാണ് ആരോപണം. ഇതെത്തുടർന്ന് അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ. റാം, അധ്യാപിക കെ.ടി. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ കേസെടുത്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.