തൃശൂർ ∙ കൊടകര മറ്റത്തൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. മറ്റത്തൂർ കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ അൽജോ ആണ് മരിച്ചത്. അൽജോയുടെ സഹോദരൻ 10 വയസ്സുള്ള അലോജിനും കടിയേറ്റിട്ടുണ്ട്. അലോജ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടിലെ കിടപ്പുമുറിയിൽ അമ്മ ജോൺസിക്കൊപ്പം കിടന്നുറങ്ങിയതാണ് കുട്ടികൾ. പുലർച്ചെ രണ്ടു മണിയോടെ കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം തോന്നുന്നുവെന്നു പറഞ്ഞ് അമ്മയെ വിളിച്ചുണർത്തി. വയറുവേദന എന്നാണ് കുട്ടികൾ പറഞ്ഞത്. കഴിഞ്ഞ ദിവസം വെള്ളിക്കുളങ്ങരയിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത കുടുംബം അവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നു. തിരിച്ചെത്തി ജ്യൂസും കുടിച്ചു. അതുമൂലമുണ്ടായ പ്രശ്നമാകാം എന്നു കരുതി കുട്ടികൾക്കു ചൂടുവെള്ളം കുടിക്കാൻ കൊടുത്തു.
കുട്ടികൾ വീണ്ടും ഉറങ്ങാൻ കിടന്നെങ്കിലും അഞ്ചരയോടെ മൂത്ത കുട്ടി അലോജ് അമ്മയെ വിളിച്ചുണർത്തി അസ്വസ്ഥത തോന്നുന്നുവെന്നു പറഞ്ഞു. അപ്പോഴാണ് അൽജോ തീർത്തും അവശനിലയിലാണെന്നു കണ്ടത്. ഭക്ഷ്യവിഷബാധയാകാം എന്നുകരുതി കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ രോഗലക്ഷണം കണ്ട് സംശയം തോന്നിയ ഡോക്ടറാണ് കുട്ടികൾക്കു പാമ്പുകടിയേറ്റതാകാമെന്നു പറഞ്ഞത്. ശരീരത്തിൽ പാമ്പു കടിച്ച പാടും കണ്ടെത്തി.തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടികളുടെ മുറി പരിശോധിച്ചപ്പോഴാണഃ് കിടക്കയിൽ തലയിണയുടെ അടിയിൽ ശംഖുവരയൻ ഇനത്തിൽപെട്ട പാമ്പിൻകുഞ്ഞിനെ കണ്ടത്. അതിനെ നാട്ടുകാർ തല്ലിക്കൊന്നു. ആശുപത്രിയിൽ ചികിൽസയിലുള്ള അലോജിന്റെ നില ഗുരുതരമാണ്. കടമ്പോട് എഎൽപി സ്കൂളിെല രണ്ടാംക്ലാസ് വിദ്യാർഥിയാണ് മരിച്ച അൽജോ. ഇവരുടെ സഹോദരി എയ്ഞ്ചൽ സംഭവസമയത്ത് വെള്ളിക്കുളങ്ങരയിലെ അമ്മയുടെ വീട്ടിലായിരുന്നു.
അടച്ചുറപ്പുള്ള കോൺക്രീറ്റ് വീടിനുള്ളിൽ എങ്ങനെ പാമ്പ് എത്തി എന്നതു വ്യക്തമല്ല. വീടിനു സമീപം വാഴക്കൃഷി അടക്കമുള്ള പറമ്പുണ്ട്. അവിടെനിന്നാവാം പാമ്പ് എത്തിയത്. പ്രദേശത്തു പാമ്പുകളെ കാണാറുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. പുറത്ത് കടുത്ത ചൂടായതിനാൽ അതു തണുപ്പുതേടി വീടിനുള്ളിൽ കയറിയതാകാമെന്നാണ് കരുതുന്നത്. ചെറിയ പാമ്പായിരുന്നതിനാൽ തലയിണയ്ക്കടിയിൽ ചുരുണ്ടിരിക്കുന്നത് കുട്ടികളുടെയോ വീട്ടുകാരുടെയോ ശ്രദ്ധയിൽ പെട്ടിരുന്നില്ല.














