Uncategorized

കൂടുതൽ ബന്ധങ്ങളിലേക്ക് പോയത് സ്നേഹം കിട്ടാൻ; ജയിലിലടയ്ക്കണമെന്ന് രേഷ്മ

തിരുവനന്തപുരം∙ സ്നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്ക് പോയതെന്നും, തന്നെ ജയിലിൽ അടയ്ക്കണമെന്നും വിവാഹതട്ടിപ്പിന് അറസ്റ്റിലായ എറണാകുളം ഉദയംപേരൂർ സ്വദേശി രേഷ്മ (30) പൊലീസിനോടു പറഞ്ഞതായി വിവരം. പത്തുപേരെ രേഷ്മ വിവാഹം ചെയ്തതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന രേഷ്മയെ ചോദ്യം ചെയ്താലേ വിവാഹത്തട്ടിപ്പിനു പിന്നിലെ കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകൂ. ആര്യനാട് സ്വദേശിയെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് പിടിയിലായത്.

‘‘ എന്നെ ജയിലിൽ അടയ്ക്കണം. പുറത്തിറക്കരുത്. പുറത്തിറങ്ങിയാൽ തെറ്റുകൾ ആവർത്തിക്കും’’– രേഷ്മ പൊലീസിനോട് പറഞ്ഞു. സംസ്കൃതം ന്യായത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ചെയ്യുന്നെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. മാർച്ച് ഒന്നിന് വിവാഹം ചെയ്ത ആളിനൊപ്പമാണ് രേഷ്മയുടെ കുഞ്ഞും അമ്മയും താമസിക്കുന്നതെന്നു പൊലീസ് പറഞ്ഞു. രേഷ്മയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

2014ൽ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയെ 2022 ൽ വിവാഹം ചെയ്തു. ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികൾ തുടങ്ങിയവരെയും വിവാഹം ചെയ്തു. വിവാഹശേഷം കൂടുതൽ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണെന്നാണു വിവരം. ഭൂരിഭാഗം പേരെയും ഒരാഴ്ചയ്ക്കു ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രീതി. ഇവർക്ക് ഇതിനിടയിൽ ഒരു മകനും ജനിച്ചു. പിടിയിലാകുമ്പോൾ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹവാഗ്ദാനം നൽകിയിരുന്നു.നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിനായി 5ന് തിരുവനന്തപുരത്തേക്ക് രേഷ്മ എത്തിയത് വിവാഹവാഗ്ദാനം നൽകിയിരുന്ന കോട്ടയം സ്വദേശിക്കൊപ്പമാണ്. വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിലൂടെയാണ് പഞ്ചായത്തംഗം രേഷ്മയെ പരിചയപ്പെട്ടത്. പഞ്ചായത്ത് അംഗം സുഹൃത്തിന്റെ വീട്ടിലാണ് രേഷ്മയെ താമസിപ്പിച്ചത്. പ്രതിശ്രുത വധുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുഹൃത്തിന്റെ ബന്ധുക്കൾ രേഷ്മ വിതുരയിലെ ബ്യൂട്ടിപാർലറിലേക്കു പോയ സമയം വീട്ടിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു. അതിൽ മറ്റെ‌ാരാളുമായുള്ള വിവാഹത്തിന്റെ രേഖകൾ ലഭിച്ചതോടെ ആര്യനാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

സർട്ടിഫിക്കറ്റുകൾ എടുക്കാനുണ്ടെന്നു പറഞ്ഞാണ് രേഷ്മ വിവാഹശേഷം ഓരോ വീടുകളിൽനിന്നും മുങ്ങിയത്. ബിഹാറിലെ സ്കൂളിൽ അധ്യാപികയാണെന്നും പറഞ്ഞിട്ടുണ്ട്. വിവാഹം കഴിച്ചവരുടെ വീടുകളിലേക്ക് ഇടയ്ക്കിടെ വിളിക്കാറുണ്ട്. അതിനാൽ ആർക്കും അധികം സംശയമുണ്ടായിട്ടില്ല. ഓൺലൈൻ വിവാഹ പരസ്യങ്ങൾ കണ്ട് ആദ്യം അമ്മയെന്നു പറഞ്ഞു വിളിക്കുന്ന രേഷ്മ തന്നെയാണ് പിന്നീട് വധുവെന്ന രീതിയിൽ സംസാരിക്കുന്നതും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.