ബെംഗളൂരു ∙ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കു 10 മണിക്കൂർ 45 മിനിറ്റിൽ നീന്തിയെത്തി ബെംഗളൂരുവിലെ ടെക്കി ദമ്പതികൾ അപൂർവ നേട്ടം സ്വന്തമാക്കി. 30 വയസ്സുകാരായ ഡാനിഷ് അബ്ദി, വൃഷാലി പ്രസാദെ എന്നിവരാണു രാമസേതു റൂട്ടിൽ ഏകദേശം 32 കിലോമീറ്റർ നീന്തിയത്. ഈ റൂട്ടിൽ നീന്തുന്ന ആദ്യ ദമ്പതികളാണിവർ. പാരാമെഡിക്കൽ ടീം, കോസ്റ്റ് ഗാർഡ് എന്നിവരുടെ നിരീക്ഷണത്തിലാണു നേട്ടം സ്വന്തമാക്കിയത്.തലൈമാന്നാറിൽ നിന്നു പുലർച്ചെ 4.30 നു നീന്തൽ ആരംഭിച്ചു. ഉച്ചകഴിഞ്ഞു 3.15നു ധനുഷ്കോടിയിൽ എത്തി. തലൈമാന്നാറിൽ ബോട്ടിൽനിന്ന് ഇരുവരും വെള്ളത്തിലേക്കു ചാടുന്നതുൾപ്പെടെ യാത്രയിലെ വിഡിയോ പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമായിരുന്നു. മണിപ്പാൽ ആശുപത്രിയുടെ പിന്തുണയുള്ള സംരംഭത്തിന്റെ ഭാഗമായാണു നീന്തൽ സംഘടിപ്പിച്ചത്.














