തീക്കോയി ∙ ആസിഡ് ദേഹത്തുവീണു പൊള്ളലേറ്റു ചികിത്സയിലിരിക്കെ ഗൃഹനാഥ മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീക്കോയി കൊല്ലംപാറ ഭാഗത്തു താമസിക്കുന്ന പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണു മരിച്ചത്. ജോണിനെ (47) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെത്തുടർന്നു ജോൺ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
15നു രാവിലെ 11ന് ആണു സംഭവം. വീട്ടിൽ ആരുമില്ലാത്ത നേരത്തു ജോൺ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബാലാമണി ബുധനാഴ്ച രാവിലെ മരിച്ചു. ജോണിനെ റിമാൻഡ് ചെയ്തു. മരംവെട്ട്–ലോഡിങ് തൊഴിലാളിയാണു ജോൺ. ബാലാമണി ഈരാറ്റുപേട്ടയിലെ തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം നടത്തി. മക്കൾ: സജോ, സോന.














