Listen live radio

കോവിഡ്-19: വയനാടന്‍ ടൂറിസം മേഖലയില്‍ കണക്കാക്കുന്നതു 547 കോടിയുടെ നഷ്ടം

after post image
0

- Advertisement -

കല്‍പറ്റ-കോവിഡ്-19 വ്യാപനം മൂലം വയനാടന്‍ ടൂറിസം മേഖലയില്‍ ഉണ്ടായതു ശതകോടികളുടെ നഷ്ടം. 2018 ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ജില്ലയില്‍ ടൂറിസം രംഗത്തു 547 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നു ഡി.ടി.പി.സി മെംബര്‍ സെക്രട്ടറി ബി. ആനന്ദ് പറഞ്ഞു. 2018 ഫെബ്രുവരിയെ അപേക്ഷിച്ചു 50 ശതമാനം സഞ്ചാരികള്‍ മാത്രമാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ജില്ലയില്‍ എത്തിയത്. ഇതു മാര്‍ച്ചില്‍ 10 ശതമാനമായി കുറഞ്ഞു. ഈ മാസത്തെ അവസ്ഥ അടുത്ത മാസവും തുടരും. ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നതുമൂലം അനുബന്ധ മേഖലകളില്‍ ഉണ്ടായ വരുമാനച്ചോര്‍ച്ചയും ചേര്‍ത്താണ് ഭീമന്‍ നഷ്ടം കണക്കാക്കിയത്.
2018ലെ പ്രളയത്തിനും ജില്ലയ്ക്കു പുറത്തുണ്ടായ നിപ്പാ വൈറസ് ബാധയ്ക്കും പിന്നാലെ തുടങ്ങിയതാണ് വയനാടന്‍ ടൂറിസത്തിന്റെ കഷ്ടകാലം. ടൂറിസം രംഗത്തു മുതല്‍മുടക്കിയവര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതിനിടെ 2019ലെ മഴക്കാലത്തും പ്രകൃതിദുരന്തം ആവര്‍ത്തിച്ചു. ഇതോടെ മണ്‍സൂണ്‍ ടൂറിസത്തില്‍ അര്‍പ്പിച്ച പ്രതീക്ഷയും അസ്ഥാനത്തായി. നടപ്പുസീസണില്‍ ടൂറിസം കേന്ദ്രങ്ങളും അനുബന്ധ സ്ഥാപനങ്ങളും തട്ടിമുട്ടി നീങ്ങുന്നതിനിടെയായിരുന്നു കോവിഡ് വൈറസ് വ്യാപനം. ഇതു ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നു എപ്പോള്‍, എങ്ങനെ കരകയറാമെന്നതില്‍ ടൂറിസം രംഗത്തെ വിദഗ്ധര്‍ക്കുപോലും തിട്ടമില്ല.
2000നുശേഷം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ജില്ലയില്‍ ടൂറിസം മേഖലയില്‍ വന്‍തോതിലുള്ള സ്വകാര്യ നിക്ഷേപമാണ് നടന്നത്. പരിസ്ഥിതി സൗഹൃദ-സാഹസിക വിനോദസഞ്ചാര കേന്ദ്രം എന്ന നിലയില്‍ രാജ്യത്തിനു പുറത്തും ശ്രദ്ധയാകര്‍ഷിച്ച സാഹചര്യത്തിലാണ് വയനാട്ടില്‍ മുതല്‍മുടക്കാന്‍ ടൂറിസം സംരംഭകര്‍ തയാറായത്. ജില്ലയില്‍ ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെയും അല്ലാതെയും നിരവധി റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും സര്‍വീസ്ഡ് വില്ലകളും പ്രവര്‍ത്തിക്കുന്നുണ്ട്. ടൂറിസ്റ്റ് ഹോമുകളും ഹോട്ടലുകളും പുറമേ. കാര്‍ഷിക മേഖലയുടെ തകര്‍ച്ചമൂലം ജില്ലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മാര്‍ഗമായി ടൂറിസം മേഖലയെയാണ് ഭരണാധികാരികളടക്കം ചൂണ്ടിക്കാട്ടിയിരുന്നത്. ഇപ്പോള്‍ ടൂറിസം മേഖലയിലെ പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്ന ചോദ്യം ഉയര്‍ന്നിരിക്കയാണ്.
കൊറോണ വൈറസ് വ്യാപനംമൂലം ജില്ലയില്‍ ടൂറിസം രംഗത്തു ആയിരക്കണക്കിനു ആളുകളാണ് ദുരിതത്തിലായത്. റിസോര്‍ട്ട്, ഹോംസ്റ്റേ, സര്‍വീസ്ഡ് വില്ല, ഹോട്ടല്‍, ടൂറിസ്റ്റ് ബസ്, ട്രാവലര്‍, ടാക്‌സി ഉടമകളും തൊഴിലാളികളും ടൂറിസം കേന്ദ്രങ്ങളിലെ ചെറുകിട സംരംഭകരും കണ്ണീരിലാണ്. വാഹന ഉടമകള്‍ വായ്പ ഗഡുക്കള്‍, ഇന്‍ഷ്വറന്‍സ് പ്രീമിയം, റോഡ് ടാക്‌സ് എന്നിവയുടെ അടവിനെക്കുറിച്ചോര്‍ത്തും വ്യാകുലപ്പെടുകയാണ്.
നിലവില്‍ സംസ്ഥാനത്തെ കോവിഡ് രോഗികളില്ലാത്തെ ജില്ലകളിലൊന്നാണ് വയനാട്. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരും സുഖപ്പെട്ടു. ആയിരത്തില്‍ ചുവടെ ആളുകള്‍ മാത്രമാണ് നിരീക്ഷണത്തില്‍. എങ്കിലും മെയ് മൂന്നിനു ലോക്ഡൗണ്‍ പിന്‍വലിച്ചാലും ജില്ലയില്‍ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനാവില്ല. ആളുകള്‍ കൂടുന്ന ഷോപ്പിംഗ് മാളുകള്‍ക്കും മറ്റുമുള്ള നിയന്ത്രണം ടൂറിസം കേന്ദ്രങ്ങള്‍ക്കും ബാധകമാണ്. വയനാടിനോടു ചേര്‍ന്നുള്ള ജില്ലകളിലും സംസ്ഥാനങ്ങളിലും കോവിഡ് കേസുകളുണ്ട്. ഈ ജില്ലകളില്‍നിന്നുള്ളവരെ വയനാട്ടില്‍ വന്നുപോകാന്‍ അനുവദിക്കാത്ത സാഹചര്യം കുറച്ചുകാലംകൂടി തുടരുമെന്നാണ് സൂചന. ഇതിനിടയിലും സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്കു ടൂറിസ്റ്റുകേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നിതിനു ഡി.ടി.പി.സി ക്രമീകരണം ഏര്‍പ്പെടുത്തിയതായി മെംബര്‍ സെക്രട്ടറി പറഞ്ഞു.

Leave A Reply

Your email address will not be published.