തുറവൂർ ∙ കിടപ്പുരോഗിയായ മാതാവിനെ സംരക്ഷിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ വനിതാ – ശിശുക്ഷേമ വകുപ്പിലെ വനിതാ ജീവനക്കാരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ മകൻ വീട്ടിൽ പൂട്ടിയിട്ടു മർദിച്ചെന്നു പരാതി. പരുക്കേറ്റ ആലപ്പുഴ വനിതാ സംരക്ഷണ ഓഫിസർ മായ എസ്.പണിക്കർ, കൗൺസലർ അഞ്ജന, ഡ്രൈവർ ലോറൻസ് എന്നിവർ തുറവൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയായ സിപിഎം ഹൈസ്കൂൾ വാർഡ് ബ്രാഞ്ച് സെക്രട്ടറി പ്രസന്നകുമാറിനെതിരെ പട്ടണക്കാട് പൊലീസ് കേസെടുത്തു. പ്രതിക്കെതിരെ നടപടിയെടുക്കാൻ മന്ത്രി ബിന്ദു കൃഷ്ണ ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകി.ഇന്നലെ രാവിലെ പത്തിനാണ് സംഭവം. പട്ടണക്കാട് അഞ്ചാം വാർഡിൽ വാടകയ്ക്കു താമസിക്കുന്ന ഇന്ദിര മന്ദിരത്തിൽ സതിയെ (88) മകൻ പ്രസന്നകുമാർ സംരക്ഷിക്കുന്നില്ലെന്നു സതിയുടെ മകൾ അമ്പിളി പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാനാണ് ഉദ്യോഗസ്ഥർ എത്തിയത്. വീട്ടിൽ സതി മാത്രമാണ് ഉണ്ടായിരുന്നത്. അവരോടു വിവരങ്ങൾ ചോദിക്കുന്നതിനിടെ പ്രസന്നകുമാർ എത്തി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. വാതിൽ അടച്ചു കുറ്റിയിട്ട ശേഷം മായയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു മർദിച്ചെന്നാണു പരാതി. വായിൽനിന്നു ചോര വന്നതോടെ മായ നിലവിളിച്ചു. തടയാൻ ചെന്ന അഞ്ജനയെയും മർദിച്ചു.
ഇവർ രക്ഷപ്പെട്ടു പുറത്തെത്തിയപ്പോഴേക്കും പ്രസന്നകുമാർ ഡ്രൈവർ ലോറൻസിനെ അടിച്ചോടിച്ചെന്നും പരാതിയുണ്ട്. പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെത്തി മൂവരും പരാതി നൽകിയ ശേഷമാണു ചികിത്സ തേടിയത്. ജോലി തടസ്സപ്പെടുത്തിയതിനും വനിതാ ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് പ്രസന്നകുമാറിനെതിരെ കേസ്. പ്രതിക്കായി തിരച്ചിൽ തുടങ്ങിയെന്ന് എസ്എച്ച്ഒ കെ.എസ്.ജയൻ പറഞ്ഞു. ഒപ്പം താമസിക്കുന്ന മാതാവിന് ആവശ്യത്തിനു മരുന്നും ഭക്ഷണവും നൽകുന്നില്ലെന്ന പരാതി അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചയാൾക്കെതിരെ കർശന നിയമ നടപടിയെടുക്കുമെന്നു മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മർദനമേറ്റ ഉദ്യോഗസ്ഥരോടു മന്ത്രി ഫോണിൽ സംസാരിച്ചു. ഇവരെ നേരിൽ കാണുമെന്നും പറഞ്ഞു.














