കാക്കനാട് ∙ മോഷ്ടിച്ച സ്കൂട്ടറുമായി യുവതിയെ മോട്ടർ വാഹന വകുപ്പിന്റെ ഗതാഗത പരിശോധനയ്ക്കിടെ പിടികൂടി. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽ സഞ്ചരിച്ച യുവതി, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ കൈ കാണിച്ചിട്ടും നിർത്താതെ പാഞ്ഞപ്പോൾ 5 കിലോമീറ്റർ പിന്തുടർന്നാണ് പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ സ്കൂട്ടർ സുഹൃത്ത് തന്നതാണെന്നായിരുന്നു മറുപടി.സുഹൃത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ മോഷണക്കേസിൽ റിമാൻഡിലാണെന്നും വ്യക്തമായി.വെള്ളിയാഴ്ച കാക്കനാട്– കളമശേരി റോഡിലെ വാഹന പരിശോധനയ്ക്കിടെയാണ് യുവതി കുടുങ്ങിയത്. സ്കൂട്ടറിന്റെ രേഖകൾ ചോദിച്ചപ്പോഴാണ് കൈവശമില്ലെന്നും സ്കൂട്ടർ സുഹൃത്തിന്റേതാണെന്നും യുവതി പറഞ്ഞത്. സംശയം തോന്നി ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ സ്കൂട്ടറിന്റെ നമ്പർ വ്യാജമാണെന്ന് ബോധ്യമായി. ഷാസി നമ്പർ വഴി യഥാർഥ റജിസ്ട്രേഷൻ നമ്പറും ഫോൺ നമ്പറും കണ്ടെത്തി ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് ഇതു മോഷണം പോയതാണെന്ന് മനസ്സിലായത്.
ഫെബ്രുവരി 22ന് എറണാകുളം കോൺവന്റ് ജംക‍്ഷനിൽ നിന്നാണ് വാഹനം മോഷണം പോയത്. സെൻട്രൽ പൊലീസ് അന്നുതന്നെ കേസെടുത്തിരുന്നു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ഷിജു, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.ബി.വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മോഷ്ടിച്ച വാഹനം കുടുങ്ങിയത്. സ്കൂട്ടറിൽ യുവതിക്കൊപ്പം 17 വയസുള്ള മകളും ഉണ്ടായിരുന്നു. കേസ് കളമശേരി പൊലീസിനു കൈമാറി.














