കോവളം∙ സ്കൂട്ടറുടമയെ വലച്ച് വാഹനത്തിനുള്ളിൽ മൂർഖൻ. ഒളിച്ചു കഴിഞ്ഞ പാമ്പിനെ പുറത്തെടുക്കാൻ വാഹനം മുഴുവൻ പൊളിക്കേണ്ടി വന്നു. കോവളം ബീച്ച് റോഡിൽ സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയുടെ സ്കൂട്ടറിനുള്ളിലാണ് മൂർഖൻ മണിക്കൂറുകളോളം ഒളിച്ചിരുന്നത്. സ്കൂട്ടറിനുള്ളിലേക്ക് പാമ്പു കയറുന്നത് സഹജീവനക്കാർ കണ്ടിരുന്നു. കോവളം പൊലീസിലും വിഴിഞ്ഞം അഗ്നിരക്ഷാ സ്റ്റേഷനിലും വിവരം നൽകി. അഗ്നിരക്ഷാ സ്റ്റേഷൻ സിവിൽ ഡിഫൻസ് വിഭാഗത്തിലെ സർപ്പ വൊളന്റിയർമാരായ സജീവ്, ദീപു എന്നിവരെത്തി പരിശോധിച്ചപ്പോഴും പാമ്പിനെ കാണാനായില്ല. തുടർന്ന് വാഹനത്തിന്റെ ബോഡി മുഴുവൻ പൊളിച്ചു നോക്കുമ്പോഴാണ് ചെയ്സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. സാമാന്യം വലുപ്പമുള്ള മൂർഖനായിരുന്നുവെന്ന് സർപ്പ വൊളന്റിയർമാർ പറഞ്ഞു.














