National

ഫ്ലാറ്റിൽ നിന്ന് വീണ് 25 വയസ്സുകാരിയായ ഗർഭിണിക്ക് ദാരുണാന്ത്യം; സ്ത്രീധന പീഡനം ആരോപിച്ച് കുടുംബം

ന്യൂഡൽഹി ∙ വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിൽ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് 25 വയസ്സുകാരിയായ ഗർഭിണി മരിച്ചു. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതി മൂന്ന് മാസം മുമ്പാണ് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പ് ഭർത്താവും കുടുംബവും സ്വർണവും പണവും ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് കുടുംബത്തിന്റെ പരാതി. ‘‘അവൾ നാലാം നിലയിൽ നിന്നാണ് താഴേക്ക് വീണത്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി ആ വീട്ടിൽ കടുത്ത തർക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ എന്റെ സഹോദരനും അമ്മയും മറ്റ് ബന്ധുക്കളും അവിടെ പോയിരുന്നു’’ – മരിച്ച യുവതിയുടെ സഹോദരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

തന്റെ മകൾ ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നുവെന്നും ജീവനു ഭയമുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും യുവതിയുടെ മാതാവ് പറഞ്ഞു. ‘‘ഞാൻ അവളെ കാണാൻ പോയപ്പോൾ അവർ തന്നെ പീഡിപ്പിക്കുകയാണെന്ന് അവൾ പറഞ്ഞു. അവരെന്നെ കൊല്ലുമെന്ന് അവൾ കരഞ്ഞു പറഞ്ഞു. അവൾ ഗർഭിണിയായിരുന്നു. ഞങ്ങളുടെ മകൾക്ക് നീതി വേണം’’ – മാതാവ് പറഞ്ഞു.സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേസ് നിലവിൽ അന്വേഷണത്തിലാണ്. കുടുംബാംഗങ്ങളുടെ മൊഴികൾ രേഖപ്പെടുത്തിവരികയാണ്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.