Kerala

കൈകളിൽ ചതവുകൾ, യോഗങ്ങൾക്കിടയിലെ ഉറക്കം തൂങ്ങൽ; ആരോഗ്യ പരിശോധന പൂർത്തിയാക്കി ഡോണൾ‌ഡ് ട്രംപ്

വാഷിങ്ടൻ ∙ തന്റെ വാർഷിക ആരോഗ്യപരിശോധന വിജയകരമായി പൂർത്തിയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എൺപതാം വയസ്സിലേക്ക് അടുക്കുന്ന ട്രംപിന്റെ ശാരീരികക്ഷമതയെക്കുറിച്ച് രാജ്യാന്തര തലത്തിൽ ചർച്ചകൾ കൊഴുക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച നടത്തിയ പരിശോധനയ്ക്ക് ശേഷം അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. അമേരിക്കൻ ചരിത്രത്തിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ട്രംപിന്റെ ആരോഗ്യം സൂക്ഷ്മ നിരീക്ഷണത്തിലാണ്. കഴിഞ്ഞ വർഷം വീണ്ടും അധികാരമേറ്റ ശേഷമുള്ള ട്രംപിന്റെ മൂന്നാമത്തെ ആരോഗ്യ പരിശോധനയാണിത്.

കൈകളിലെ ചതവുകൾ, ഔദ്യോഗിക യോഗങ്ങൾക്കിടയിലെ ഉറക്കം തൂങ്ങൽ തുടങ്ങിയവയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് വാഷിങ്ടനിലെ വാൾട്ടർ റീഡ് മിലിറ്ററി ആശുപത്രിയിൽ അദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. എല്ലാം കൃത്യമായി പരിശോധിച്ചെന്ന് ആശുപത്രിയിൽ നിന്ന് വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നതിനിടെ ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

തന്റെ ആരോഗ്യവിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ ട്രംപ് സുതാര്യത പുലർത്തുന്നില്ലെന്ന ആരോപണം പണ്ടേയുണ്ട്. ട്രംപിന്റെ അവസാനത്തെ ഔദ്യോഗിക വാർഷിക പരിശോധന 2025 ഏപ്രിലിലായിരുന്നു. എന്നാൽ അതിനുശേഷം ഒക്ടോബറിൽ അദ്ദേഹം പെട്ടെന്ന് ആശുപത്രി സന്ദർശനം നടത്തുകയും, അതിനെയും വാർഷിക പരിശോധനയായി വൈറ്റ് ഹൗസ് വിശേഷിപ്പിക്കുകയും ചെയ്തത് ആശയക്കുഴപ്പം വർധിപ്പിച്ചു. ജോ ബൈഡനേക്കാൾ ശാരീരിക-മാനസിക കരുത്ത് തനിക്കുണ്ടെന്ന് ട്രംപ് എപ്പോഴും അവകാശപ്പെടാറുള്ളതിനാൽ ഈ പരിശോധനാ ഫലങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.വരുന്ന ജൂൺ 14ന് ട്രംപിന് 80 വയസ്സ് തികയും. 50 വർഷം മുമ്പ് എനിക്ക് എന്ത് ഊർജമായിരുന്നോ, അത് ഇപ്പോഴുമുണ്ടെന്ന് ഓവൽ ഓഫിസിൽ വച്ച് അടുത്തിടെ ട്രംപ് പറഞ്ഞിരുന്നു. ബീഫ് സ്റ്റീക്ക്, ഫാസ്റ്റ് ഫുഡ്, ഡയറ്റ് കോക്ക് എന്നിവയോടുള്ള തന്റെ താൽപര്യം പരസ്യമാണെങ്കിലും, ജങ്ക് ഫുഡ് ശരീരത്തിനു നല്ലതാണെന്നായിരുന്നു ട്രംപിന്റെ തമാശ രൂപേണയുള്ള പ്രതികരണം. 6 അടി 3 ഇഞ്ച് ഉയരമുള്ള ട്രംപിന്റെ ഭാരം 2025 ഏപ്രിലിലെ പരിശോധന പ്രകാരം ‌101.6 കിലോഗ്രാം‌ം ആണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.