Latest

ഷാർജയിലെ 2 വയസ്സുകാരന്റെ മരണം: മലയാളി പെൺകുട്ടിയും പ്രതി, ക്രൂരകൃത്യം ജനാലയിലൂടെ താഴേക്ക് എറിഞ്ഞ്, മാതാപിതാക്കൾ കസ്റ്റഡിയിൽ

ഷാർജ∙ മൂന്ന് വയസ്സ് തികയാത്ത പാക്കിസ്ഥാനി ബാലൻ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്റ്റെയർകേസിലെ ജനാലയിലൂടെ താഴേക്ക് വീണു മരിച്ച സംഭവത്തിൽ അയൽവാസികളായ മലയാളി കുടുംബത്തിലെയും തമിഴ് കുടുംബത്തിലെയും രണ്ട് പെൺകുട്ടികൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടികളുടെ മാതാപിതാക്കളും പൊലീസ് കസ്റ്റഡിയിലാണ്. കണ്ണൂർ സ്വദേശികളാണ് മലയാളി കുടുംബം.ഒരു മാസം മുൻപാണ് ഷാർജയിലെ ഒരു കെട്ടിടത്തിൽ നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. സജ്ജാദ് ഹുസൈൻ എന്ന പ്രവാസിയുടെ മകൻ മുഹമ്മദ് അർഷമാൻ ആണ് മരിച്ചത്. ഏകദേശം പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടികൾ ചേർന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട സുപ്രധാന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.അപാർട്ട്മെന്റിന് വെളിയിലെ ഇടനാഴിയിൽ കുട്ടി കളിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ ഒരു മിനിറ്റിൽ താഴെ സമയം മാത്രം വീടിനുള്ളിലേക്ക് കയറിയപ്പോഴായിരുന്നു ഈ ദാരുണമായ സംഭവം. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, പെൺകുട്ടികളിൽ ഒരാൾ ഗോവണിയുടെ വാതിൽ തുറന്ന് കുട്ടിയെ കൈകാട്ടി അടുത്തേക്ക് വിളിക്കുന്നത് കാണാം. കുട്ടി അങ്ങോട്ട് നീങ്ങിയ ഉടൻ തന്നെ ഇവർ വാതിൽ അടയ്ക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം മൂന്നാം നിലയിൽ നിന്ന് ഏകദേശം 14 മീറ്ററോളം താഴേക്ക് കുട്ടി വീഴുകയായിരുന്നു. കുട്ടിയെ താഴേക്ക് ഇട്ട ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ ശാന്തരായി പെൺകുട്ടികൾ നടന്നുപോകുന്നതും ദാരുണമായ ഈ ദൃശ്യങ്ങളിലുണ്ട്.കെട്ടിടത്തിൽ നിന്ന് ഉയർന്ന നിലവിളി കേട്ടാണ് കാവൽക്കാരൻ ആദ്യം ഓടിയെത്തിയത്. ലിഫ്റ്റിന് സമീപം എന്തോ വഴക്കാണെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ താഴത്തെ നിലയിൽ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മകനെ കെട്ടിപ്പിടിച്ച് അമ്മ കരയുന്നത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ പൊലീസിലും അടിയന്തര വിഭാഗങ്ങളിലും വിവരമറിയിക്കുകയായിരുന്നു. ഷാർജ പൊലീസ് കേസ് ശിശുസംരക്ഷണ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിന് പിന്നിലെ യഥാർഥ കാരണവും ലക്ഷ്യവും കണ്ടെത്താൻ വിശദമായ ചോദ്യം ചെയ്യലും അന്വേഷണവും പുരോഗമിക്കുകയാണ്.വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച മകന്റെ വിയോഗത്തിൽ തകർന്നിരിക്കുകയാണ് ഈ കുടുംബം. രണ്ട് മാസം പ്രായമുള്ള ഒരു പെൺകുട്ടി കൂടി ഇവർക്കുണ്ട്. കൺമുന്നിൽ നടന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് പിതാവ് സജ്ജാദ് ഹുസൈൻ കണ്ണീരോടെ പറഞ്ഞു. നിലവിൽ കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലേക്ക് മടങ്ങിയ അദ്ദേഹം, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് പോലും ജീവിതം തകിടം മറിക്കുമെന്നും ഓർമിപ്പിച്ചു. വർഷങ്ങളായി പെൺകുട്ടികളുടെ കുടുംബവും പാക്കിസ്ഥാനി കുടുംബവും അടുത്തടുത്താണ് കഴിഞ്ഞിരുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.