Latest

മുട്ടുകുത്തി കാമുകിക്ക് മോതിരം കൈമാറി സൈനിക പൈലറ്റ്; വൈറലായതിനു പിന്നാലെ വിവാദമായി വിവാഹാഭ്യർഥന

മുംബൈ ∙ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ യുവ സൈനിക പൈലറ്റിന്റെ സർപ്രൈസ് വിവാഹാഭ്യർഥന സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ വിവാദമാകുന്നു. മഹാരാഷ്ട്രയിലെ നാസിക് കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂളിൽ നടന്ന പാസിങ് ഔട്ട് പരേഡിനു ശേഷമായിരുന്നു സംഭവം. ഔദ്യോഗിക സൈനിക യൂണിഫോമിൽ ഹെലികോപ്റ്ററിനെ സാക്ഷിയാക്കി നടത്തിയ പ്രണയാഭ്യർഥന സൈനിക പ്രോട്ടോക്കോളിന്റെ ലംഘനമാണോ എന്ന ചർച്ചയാണ് സജീവമായിരിക്കുന്നത്.പുതുതായി കമ്മിഷൻ ചെയ്യപ്പെട്ട പൈലറ്റ് ക്യാപ്റ്റൻ ഭരത് ഭരദ്വാജ്, അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് കാമുകിയോട് വിവാഹാഭ്യർഥന നടത്തിയത്. പരേഡ് ഗ്രൗണ്ടിലെ റൺവേയിലൂടെ ഔദ്യോഗിക സൈനിക യൂണിഫോമിൽ നടന്ന ഭരത്, സൈനിക ഹെലികോപ്റ്ററിന്റെ പശ്ചാത്തലത്തിൽ മുട്ടുകുത്തി നിന്ന് മോതിരം കൈമാറുകയായിരുന്നു. യുവതി വിവാഹാഭ്യർഥന സ്വീകരിക്കുകയും ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.

സംഭവം വൈറലായതോടെ വലിയ രീതിയിലുള്ള ആശംസകൾ ദമ്പതികൾക്ക് ലഭിച്ചെങ്കിലും സൈന്യത്തിന്റെ കർശനമായ പെരുമാറ്റച്ചട്ടങ്ങളെ ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്തെത്തി. അതീവ സുരക്ഷയുള്ള പ്രതിരോധ പരിശീലന കേന്ദ്രത്തിനുള്ളിൽ വച്ച് ഇത്തരം ദൃശ്യങ്ങൾ ചിത്രീകരിക്കാനും അത് പരസ്യമായി പ്രചരിപ്പിക്കാനും അനുവാദമുണ്ടോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. കരസേനയുടെ നിലവിലുള്ള പല പ്രോട്ടോക്കോളുകളുടെയും ലംഘനമാണ് സംഭവമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ യുവ ക്യാപ്റ്റനിൽ നിന്ന് സൈന്യം വിശദീകരണം തേടിയേക്കുമെന്നാണ് വിവരം. എന്നാൽ വലിയ രീതിയിലുള്ള അച്ചടക്ക നടപടികൾക്ക് സാധ്യതയില്ലെന്നാണ് സൂചന.

കഠിനാധ്വാനത്തിന് ഫലം കണ്ട വലിയൊരു ദിവസമായിരുന്നു അതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം പങ്കാളിക്കും കുടുംബത്തിനും കൂടി അവിസ്മരണീയമാക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ക്യാപ്റ്റൻ ഭരത് ഭരദ്വാജ് പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റ ആർമി ട്രെയിനിങ് കമാൻഡിനു കീഴിലുള്ള പ്രമുഖ ഫ്ലൈയിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടാണ് നാസിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂൾ.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.