പട്ന∙ അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 113 രൂപ. പക്ഷേ, ബാലൻസ് നോക്കിയ ബിഹാറുകാരൻ പ്ലമർ വികാസ് കുമാർ ഞെട്ടിത്തരിച്ചുപോയി… ബാലൻസ് 94 കോടി രൂപ. വൈകിട്ട് ഒരിക്കൽക്കൂടി നോക്കി. അപ്പോൾ ബാലൻസ് 294 കോടി ആയിരിക്കുന്നു. ബിഹാറിലെ ഗയയിലാണു സംഭവം.
പന്തികേട് മണത്ത വികാസ് ഇക്കാര്യം പ്രാദേശിക രാഷ്ട്രീയ നേതാക്കളെ അറിയിച്ചു. അവർ പൊലീസിനെയും. തുടർന്ന് ബാങ്ക് രേഖകൾ, ട്രാൻസാക്‌ഷൻ ഐഡി അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്കിങ് പിഴവ്, സാങ്കേതിക തകരാർ, അല്ലെങ്കിൽ ഏതെങ്കിലും സാമ്പത്തിക തട്ടിപ്പ് എന്നിവയുടെ സാധ്യത പരിശോധിക്കുന്നുണ്ടെന്ന് ഗയ പൊലീസ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മനോജ് കുമാർ സിങ് അറിയിച്ചു.
‘‘ജൂൺ നാലിന് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ 94 കോടി അതിൽ കണ്ടു. എന്തെങ്കിലും സാങ്കേതിക പിഴവായിരിക്കാമെന്നാണ് കരുതിയത്. ഒരു സൈബർ കഫേയിൽ പോയി വീണ്ടും പരിശോധിച്ചു. അപ്പോൾ അക്കൗണ്ടിൽ 294 കോടി രൂപ. കഴിഞ്ഞ 5 വർഷമായി ഇതേ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നുണ്ട്. അതിൽ 7 ലക്ഷം വരെയുള്ള പണമിടപാട് നടന്നിട്ടുണ്ട്’’ – വികാസ് കുമാർ പറഞ്ഞു. പ്ലമറായി ജോലി ചെയ്യുന്ന വികാസ് കുമാറിന് ഒരുമാസം ലഭിക്കുന്നത് 10,000 മുതൽ 12,000 രൂപ വരെയാണ്.














