National

ചില്ലറയില്ലേ, എന്നാൽ ഇറങ്ങിക്കോ…; ഗതാഗത മന്ത്രിയെ ബസിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടു

ബെംഗളൂരു∙ നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മിന്നൽ പരിശോധനയ്ക്കിടെ ഗതാഗത മന്ത്രി ബൈരതി സുരേഷ് നേരിട്ടറിഞ്ഞു. പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ അവസ്ഥ വിലയിരുത്തുന്നതിനായി രഹസ്യമായാണ് മന്ത്രി യാത്ര ചെയ്തത്. ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ടു. ടിക്കറ്റിനായി അദ്ദേഹം 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകി. തുക ചില്ലറയായി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ചില്ലറയില്ലെന്ന് മന്ത്രി മറുപടി നൽകി. തന്റെ കയ്യിലും ചില്ലറയില്ലെന്നും, കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങാനും കണ്ടക്ടർ മന്ത്രിയോട് പറഞ്ഞു. മന്ത്രി മാസ്ക് ധരിച്ചിരുന്നതിനാൽ കണ്ടക്ടർ തിരിച്ചറിഞ്ഞില്ല. കണ്ടക്ടറോട് മറുപടി പറയാതെ മന്ത്രി ബസിൽനിന്ന് ഇറങ്ങി.നാഗഷെട്ടിഹള്ളിയിൽ നിന്ന് അൽപദൂരം മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തു. മീറ്ററിൽ 30 രൂപയാണ് കാണിച്ചതെങ്കിലും ഡ്രൈവർ 36 രൂപ ആവശ്യപ്പെട്ടു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, മീറ്റർ ഉടൻ തന്നെ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ 40 രൂപ നൽകിയാണ് മന്ത്രി ഓട്ടോയിൽ നിന്ന് ഇറങ്ങിയത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.