ദിബ്രുഗഡ് ∙ പ്രഭാത നടത്തത്തിനിടെ 18 കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സംഘം. അസമിലെ ദിബ്രുഗഡ് ജില്ലയിലാണ് സംഭവം. മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയെ ടിൻസുകിയ റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിൽ ഉപേക്ഷിച്ചു.
ദിബ്രുഗഡിലെ ശാന്തിപ്പാറ ഏരിയയിലെ പിഎൻ റോഡിന് സമീപം പതിവ് പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. അജ്ഞാതരായ പ്രതികൾ സംഭവസ്ഥലത്തെത്തി പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. പരിഭ്രാന്തരായ കുടുംബം ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.
മണിക്കൂറുകൾക്ക് ശേഷം, ടിൻസുകിയ റെയിൽവേ സ്റ്റേഷനിലെ ഒരു യാത്രക്കാരൻ സംശയാസ്പദമായ നിലയിൽ പ്ലാറ്റ്‌ഫോമിൽ ഒരു ചാക്ക് കണ്ടതോടെ റെയിൽവേ അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പെണകുട്ടിയെ രക്ഷപ്പെടുത്തി.
പ്രതികളെ കണ്ടെത്തുന്നതിനായി ദിബ്രുഗഡ് പൊലീസ് വൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലെ നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.














