ന്യൂഡൽഹി ∙ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വിവരം. സർ ഗംഗാറാം ആശുപത്രിയിൽ സോണിയ ഗാന്ധി നിരീക്ഷണത്തിൽ തുടരുകയാണ്. മാർച്ച് 24ന് രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോണിയ ഗാന്ധിക്ക് അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് ചികിത്സയാണ് നൽകുന്നതെന്നും മരുന്നുകളോട് അവർ നന്നായി പ്രതികരിക്കുന്നുണ്ടെന്നും ചെയർമാൻ ഡോ. അജയ് സ്വരൂപ് പറഞ്ഞു. മുതിർന്ന ഡോക്ടർമാരുടെ ഒരു സംഘം അവരുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മുൻകരുതൽ നടപടിയെന്ന നിലയിൽ സോണിയ ഗാന്ധി രണ്ടുദിവസം കൂടി ആശുപത്രിയിൽ തുടരാൻ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. അവരുടെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 10.22 ഓടെയാണ് പനിയെത്തുടർന്നാണ് 79കാരിയായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനമാണ് പനിക്ക് കാരണമായതെന്നായിരുന്നു റിപ്പോർട്ട്.














