Wayanad

താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടെ ചുരം ഏഴാം വളവിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുനിന്ന കണ്ടെയ്നർ ലോറിയാണ് ഗതാഗത തടസ്സത്തിന് കാരണമായത്. തുടർന്ന് രാവിലെ എട്ട് മണിയോടെ ക്രെയിൻ ഉപയോഗിച്ച് ലോറി റോഡിൽ നിന്നും മാറ്റി.ലോറി നീക്കം ചെയ്തെങ്കിലും ചുരത്തിൽ ഇപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചുരം കയറുന്ന വാഹനങ്ങളുടെ നിര ഒന്നാം വളവ് മുതൽ ഏഴാം വളവ് വരെ നീണ്ടുകിടക്കുകയാണ്. ചുരം ഇറങ്ങുന്ന ഭാഗത്ത് ലക്കിടി മുതൽ താഴേക്ക് ഏഴാം വളവ് വരെ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു.പുലർച്ചെ നാല് മണി മുതൽ ഏഴാം വളവിലൂടെ കടന്നുപോകാൻ സാധിക്കാതിരുന്ന വലിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുരുക്കിലായതാണ് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയത്. ഈ വലിയ വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനാൽ ഗതാഗതം സാധാരണ നിലയിലാകാൻ ഇനിയും രണ്ടോ മൂന്നോ മണിക്കൂർ സമയമെടുക്കുമെന്ന് അറിയാൻ സാധിച്ചത്.അതുകൊണ്ടുതന്നെ, ഇതുവഴി യാത്ര ചെയ്യുന്നവർ സമയം ക്രമീകരിച്ച് മാത്രം യാത്ര തിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ യാതൊരു കാരണവശാലും അനാവശ്യമായി ഓവർടേക്ക് ചെയ്യാതെ വരിയായി മാത്രം (ലൈൻ ട്രാഫിക് പാലിച്ച്) വാഹനങ്ങൾ ഓടിക്കണമെന്നും ഗതാഗത നിയന്ത്രണവുമായി സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.