കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങി ജില്ലാ ഭരണകൂടം. ആദ്യപടിയായി, ഗുണഭോക്താക്കളെ നേരിട്ട് കേൾക്കാൻ കലക്ടറേറ്റിൽ അദാലത്ത് തുടങ്ങി. ഇന്നലെ ഫെയ്സ്‌വൺ പട്ടികയിലെ 80 കുടുംബങ്ങൾ അദാലത്തിൽ പങ്കെടുത്തു. വായ്പകളുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കൈവശമുള്ള ലിസ്റ്റുകൾ ഗുണഭോക്താക്കളെ ബോധ്യപ്പെടുത്തി. ഇതിൽ പുതുതായി ചേർക്കേണ്ടതായ രേഖകൾ/ വായ്പകൾ ഉണ്ടെങ്കിൽ അവ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ദുരന്തബാധിതരായി സർക്കാർ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയവരുടെ വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അദാലത്ത്.
ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാനുള്ള ഉത്തരവ് നടപ്പായില്ലെന്നും ഇതിനായി തയാറാക്കിയ ഗുണഭോക്തൃ പട്ടികയിൽ അപാകതകളുണ്ടെന്നും കാണിച്ച് കഴിഞ്ഞ 6ന് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണു ജില്ലാ ഭരണകൂടത്തിന്റ ഇടപെടൽ. ഫെയ്സ് ഒന്ന്, ഫെയ്സ് 2എ, ഫെയ്സ് 2ബി പട്ടികകളിലെ ഗുണഭോക്താക്കളുടെയും ദുരന്തത്തിൽ മരിച്ചവരുടെയും വായ്പകളാണ് അദാലത്തിൽ പരിഗണിക്കുക. 11 വരെയാണു അദാലത്ത്.
ഇന്ന് ഫെയ്സ് വൺ പട്ടികയിലെ ബാക്കിയുള്ളവരും ഫെയ്സ് 2എ പട്ടികകളിലെ ഗുണഭോക്താക്കളും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കണം. ദുരന്തബാധിതർക്ക് 2024 ജൂലൈ 30 വരെ ഉണ്ടായിരുന്ന ബാങ്ക് വായ്പകൾ സംബന്ധിച്ച ബാങ്ക് ലോൺ സ്റ്റേറ്റ്‌മെന്റ്, പാസ് ബുക്ക് എന്നിവ ഉൾപ്പെടെ കൈവശമുള്ള രേഖകൾ അദാലത്തിൽ കൊണ്ടുവരണം. മരിച്ചവരുടെ വായ്പ സംബന്ധിച്ച വിവരങ്ങൾ ജീവിച്ചിരിക്കുന്ന മറ്റ് അടുത്ത ബന്ധുക്കൾ ലഭ്യമാക്കണം. അദാലത്തിലെത്തുന്നവർ ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ രേഖയുടെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, ലോൺ അക്കൗണ്ട് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അദാലത്തിൽ പങ്കെടുക്കുന്നതിന് വായ്പക്കാരൻ ചുമതലപ്പെടുത്തിയ സമ്മതപത്രം, മരിച്ച വ്യക്തിയുടെ അവകാശ രേഖകൾ എന്നിവയിൽ ലഭ്യമായവ ഹാജരാക്കണം.നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങൾ ക്യാംപിൽ വരുന്ന മറ്റ് കുടുംബാംഗങ്ങൾ ഹാജരാക്കണം. ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ എം.കെ.ഇന്ദു, ജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.വി.മൻമോഹൻ, ജില്ലാ ഫിനാൻസ് ഓഫിസർ ആർ.സാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അദാലത്ത്.














