Kerala

കഴുത്തിൽ കത്തിവച്ച് കവർച്ച: വിജയചിഹ്നം കാണിച്ചതിന്റെ ചുവടുപിടിച്ച് അന്വേഷണം; പ്രതി അറസ്റ്റിൽ

കൊഴിഞ്ഞാമ്പാറ ∙ വീട്ടിൽ അതിക്രമിച്ചു കയറി വയോധികയുടെ കഴുത്തിൽ കത്തി വച്ചു ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. 5,000 രൂപയും സ്യൂട്ട് കെയ്സുകളും കവർന്ന സംഭവത്തിൽ വാളയാർ ആറ്റുപ്പതി ആട്ടുക്കാരൻ വീട്ടിൽ റാബിൻ (23) ആണ് അറസ്റ്റിലായത്. കവർച്ചയ്ക്കു ശേഷം വീട്ടിലെ സിസിടിവി ക്യാമറയിൽ നോക്കി വിജയചിഹ്നവും കാണിച്ചാണ് പ്രതി സ്ഥലംവിട്ടത്. മുഖം മറച്ചിരുന്നെങ്കിലും ഈ ദൃശ്യത്തിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. വാളയാർ പൊലീസ് സ്റ്റേഷനിൽ 2 പോക്സോ കേസുകളിലടക്കം പ്രതിയായ റാബിൻ ദിവസങ്ങൾക്കു മുൻപാണ് ജയിലിൽനിന്നു പുറത്തിറങ്ങിയത്. മേയ് 30നു പകൽ ഒന്നരയോടെ കോഴിപ്പാറ കമലാറാണിയുടെ (71) വീട്ടിലായിരുന്നു കവർച്ച. ആ സമയം കമലാറാണി തനിച്ചാണെന്നു മനസ്സിലാക്കിയ പ്രതി കതകിൽത്തട്ടി പുറത്തു കാത്തുനിന്നു. വാതിൽ തുറന്നയുടൻ വായ പൊത്തിപ്പിടിച്ച് കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്നു പറഞ്ഞു.

വീട്ടിനകത്തെ ശുചിമുറിയിലേക്കു തള്ളിയിട്ട ശേഷം പുറത്തുനിന്നു കതക് പൂട്ടിയിട്ടു. അലമാരയിൽ സൂക്ഷിച്ചിരുന്ന പൈസയും വിവിധ രേഖകളടങ്ങിയ 2 സ്യൂട്ട്കെയ്‌സും കൊണ്ടുപോയി. തുണികൊണ്ടു മുഖം മൂടിക്കെട്ടുകയും കയ്യുറ ധരിക്കുകയും ചെയ്തിരുന്നു. വൈകിട്ട് 5 മണിയോടെ വീട്ടിലുള്ള മറ്റുള്ളവരെത്തിയപ്പോളാണ് ശുചിമുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടത്. കമലാറാണിയെ ആശുപത്രിയിലെത്തിച്ചു പ്രഥമ ചികിത്സ നൽകി. വാളയാറിൽ നിന്ന് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ കെ.പി.ജോർജ്, എഎസ്‌ഐ ശാന്ത, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ്, സിവിൽ പൊലീസ് ഓഫിസർ ഹരിദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.