കാസർകോട് ∙ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ പോക്സോ കേസ്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ പെൺകുട്ടിയുടെ പരാതി പ്രകാരം തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനെ (25)തിരെയാണ് കേസ്. പെൺകുട്ടിയുെട മാതാവിന്റെ സുഹൃത്താണ് സ്നേഹ മെർലിൻ. പ്രതി ഒരു ദിവസം വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം പെൺകുട്ടി ഇക്കാര്യം പുറത്തു പറഞ്ഞില്ല. കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മൂന്ന് പോക്സോ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. രണ്ട് കേസുകൾ സഹോദരങ്ങളായ ആൺകുട്ടിയേയും പെൺകുട്ടിയേയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ്. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മർദിച്ച കേസിലെ പ്രതിയാണ് മെർലിൻ.














